കാപ്പിൽ എച്ച്.എസ്.എസും പരിസരവും സാമൂഹികവിരുദ്ധസംഘത്തി​െൻറ പിടിയിൽ

വർക്കല: കാപ്പിൽ എച്ച്.എസ്.എസും സമീപ പ്രദേശങ്ങളും സാമൂഹികവിരുദ്ധരുടെ പിടിയിൽ. സ്കൂൾ പരിസരത്തെ കടകളിലൂടെ നിരോധിത പുകയില ഉൽപന്നങ്ങളും പാൻമസാലകളും വിൽക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പൊലീസും എക്സൈസും രഹസ്യമായി സ്ഥലത്ത് നിരീക്ഷണം നടത്തി. എന്നാൽ, വിൽപന നടത്തുന്നവർ അതിരഹസ്യമായാണ് ഉൽപന്നങ്ങൾ സൂക്ഷിക്കുന്നത്. ഒന്നും പിടിച്ചെടുക്കാനാകാഞ്ഞതിനാൽ അധികൃതർ രഹസ്യനിരീക്ഷണം തുടരുകയാണ്. പ്രദേശത്തെ ചില വീടുകൾ കേന്ദ്രീകരിച്ചും പെട്ടിക്കടകളിലൂടെയും ലഹരി വസ്തുക്കളുടെ വിൽപനയുണ്ട്. കായലോരങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ മദ്യ വിൽപന സംഘങ്ങളും വിഹരിക്കുന്നു. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വാങ്ങുന്ന മദ്യം പ്ലാസ്റ്റിക് ബോട്ടിലുകളിലേക്ക് വെള്ളവുമായി കൂട്ടിക്കലർത്തിയാണ് വിൽപന പൊടിപൊടിക്കുന്നത്. കായൽമാർഗം വള്ളത്തിലൂടെ കൊണ്ടുവരുന്ന വാറ്റ് ചാരായവും പ്രദേശത്ത് സുലഭമാണ്. നെല്ലേറ്റിൽ, തോണിപ്പാറ എന്നിവിടങ്ങളിൽനിന്നുമാണ് വ്യാജവാറ്റ് ചാരായം എത്തുന്നത്. പ്രധാന റോഡിൽനിന്നും കിലോമീറ്ററുകളോളം അകലത്തിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്. കായലോരമായതിനാലും പൊലീസിന് യഥാസമയം ഇവിടെ എത്തിപ്പെടാനാകില്ല. പൊലീസ് എത്തിയാൽ കായലിൽചാടിയോ വള്ളത്തിൽ രക്ഷപ്പെടുകയോ ആണ് സംഘങ്ങൾ. വിശാലമായ കായൽത്തീരത്ത് പുലർച്ച മുതൽ രാത്രി വരെയും പുറത്തു നിന്നുള്ളവർ വലിയ തോതിലാണെത്തുന്നത്. ചീട്ടുകളിക്കാനും മദ്യപിക്കാനുമാണ് ആളുകൾ ഇവിടെയെത്തുന്നത്. മദ്യപിക്കാനുള്ള പണം ചീട്ടുകളിയിലൂടെയാണ് സംഘടിപ്പിക്കുന്നത്. സ്ത്രീകളും വിദ്യാർഥിനികളും സാമൂഹികവിരുദ്ധ സംഘങ്ങളെ ഭയന്നാണ് കടന്നു പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.