പേയാട്: പേയാട് അരുവിപ്പുറത്ത് കരമനയാറ്റിൽ ശനിയാഴ്ച കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രത്തിനു സമീപം സിദ്ധാർഥ് (17), തിരുമല പെരുകാവ് തൈവിളയിൽ വിവേക് (17) എന്നിവരുടെ മൃതദേഹമാണ് ആനക്കയത്തിൽനിന്ന് കണ്ടെടുത്തത്. ശനിയാഴ്ച വൈകീട്ട് നാേലാടെയായിരുന്നു അപകടം. നഗരത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 12 അംഗ സംഘം പേയാട് കുണ്ടമൺകടവിെല സുഹൃത്ത് ഹരിപ്രസാദിെൻറ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പിറന്നാൾ സദ്യക്കു ശേഷം സമീപത്തെ അരുവിപ്പുറം കടവിൽ കുളിക്കാനെത്തിയതായിരുന്നു. നീന്തലറിയുന്ന സിദ്ധാർഥും വിവേകും ആദ്യം പുഴയിലേക്ക് ചാടി. നീന്തലിനിടെ സിദ്ധാർഥ് കരമനയാറ്റിലെ ആനക്കയത്തിലേക്ക് മുങ്ങിത്താണപ്പോൾ രക്ഷിക്കാൻ ആ ഭാഗത്തേക്ക് നീന്തിയടുത്ത വിവേകും കയത്തിൽപ്പെട്ടു. കരയിൽ നിൽക്കുകയായിരുന്ന സംഘത്തിലെ ആനന്ദ് ഇവരെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയെങ്കിലും സാധിച്ചില്ല. വിദ്യാർഥികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാല പൊലീസും കാട്ടാക്കടയിൽനിന്നും ചെങ്കൽചൂളയിൽനിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തി. രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും സിദ്ധാർഥിനെയും വിവേകിനെയും കണ്ടെത്താനായില്ല. വെളിച്ചക്കുറവും ആഴക്കയത്തിലെ അടിയൊഴുക്കും കാരണം രാത്രി ഏറെ വൈകി തിരച്ചിൽ നിർത്തി. ഞായറാഴ്ച പുലർച്ച ഏഴിന് ചാക്കയിൽനിന്നെത്തിയ സ്കൂബ ടീമാണ് അര മണിക്കൂറിനുള്ളിൽ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 14 ജീവനാണ് അരുവിപ്പുറത്തെ ആനക്കയത്തിൽ പൊലിഞ്ഞത്. കെൽട്രോണിൽ ജീവനക്കാരനായ ജയചന്ദ്രെൻറയും ഐ.ടി ഉദ്യോഗസ്ഥ ബിന്ദുവിെൻറയും രണ്ടു മക്കളിൽ ഇളയയാളാണ് തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സിദ്ധാർഥ്. പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളജ് വിദ്യാർഥി ഗൗതം സഹോദരനാണ്. മുരുകൻ-ബിന്ദു ദമ്പതികളുടെ ഇളയ മകനാണ് വിവേക്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥിയാണ്. സി.എ വിദ്യാർഥിനി ധനുഷയാണ് സഹോദരി. ചിത്രം: സിദ്ധാർഥ് (വരയൻ ഷർട്ട്) വിവേക് (നീല ഷർട്ട് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.