കോൺഗ്രസ് കഴിവുള്ള നേതാക്കളെ കണ്ടെത്തണം -ജെയ്റ്റ്ലി വാഷിങ്ടൺ: കഴിവും സാമർഥ്യവുമുള്ള നേതാക്കളെ കണ്ടെത്തിയാലേ കോൺഗ്രസിന് മെച്ചപ്പെടാനാവൂവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി, കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന ബെർക്കിലി ഇന്ത്യ കോൺഫറൻസിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചകൾക്കുമുമ്പ് ഇതേ വേദിയിൽ സംസാരിച്ച കോൺഗ്രസ് ഉപാധ്യക്ഷനുനേരെ ഒളിയെമ്പയ്തുകൊണ്ടായിരുന്നു ജെയ്റ്റ്ലിയുടെ പ്രസംഗം. കോൺഗ്രസ് പാർട്ടി പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ചെങ്കിലും രാജ്യത്തിെൻറ അഭിലാഷങ്ങളോ യഥാർഥപ്രശ്നങ്ങളോ മനസ്സിലാക്കിയിരുന്നില്ല. രണ്ടുതരത്തിലുള്ള വെല്ലുവിളികളാണ് കോൺഗ്രസിനു മുന്നിൽ ഇപ്പോഴുള്ളത്. ചരിത്രപരമായി രാജ്യത്ത് കേന്ദ്രസ്ഥാനം നേടാൻ കഴിഞ്ഞ പാർട്ടിയാണത്. പിന്നീട് ദേശീയ ഉപദേശക സമിതി രൂപവത്കരിച്ച 2004 വരെ ആ സ്വാധീനം തുടർന്നു. അവർ ഇന്ന് ഏറ്റെടുക്കുന്ന വിഷയങ്ങളിൽ പരമ്പരാഗത കോൺഗ്രസിെൻറ മിതവാദ നിലപാട് കാണുന്നില്ല. ചിരിക്കുന്ന പഴയ നേതാക്കളുടെ സ്ഥാനത്ത് തീവ്ര ഇടതുപക്ഷക്കാരായി മാറി. രണ്ടാമതായി ഒരു പാർട്ടിയുടെ നേതൃത്വത്തെ തെരഞ്ഞെടുക്കേണ്ടത് കൃത്യമായ മാനദണ്ഡങ്ങളിലൂടെയാവണം. കുടുംബ പേരിെൻറയോ ചിഹ്നങ്ങളുടെയോ അടിസ്ഥാനത്തിൽ നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതി അധികകാലം തുടരാനാവില്ല. മികച്ച നേതൃത്വവും മിതവാദ നിലപാടും വീണ്ടെടുക്കാത്തപക്ഷം അവർക്ക് മുന്നേറാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സാമൂഹിക സംഘർഷങ്ങളെക്കുറിച്ച ചോദ്യത്തിന്, ഇത്തരം സംഭവങ്ങൾ ഇന്ത്യയിലേതിനെക്കാൾ കൂടുതൽ അമേരിക്കയിൽ നടക്കുന്നുവെന്നായിരുന്നു മറുപടി. ചിലർ ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് അമിത പ്രാധാന്യം നൽകി ലോകം മുഴുവൻ പ്രചരിപ്പിക്കുകയാണ്. ഇന്ത്യ കൂടുതൽ സമാധാനാന്തരീക്ഷമുള്ള നാടാണെന്നും അതുകൊണ്ടുതന്നെ വാണിജ്യത്തിന് ഏറെ അനുയോജ്യമാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.