കോവളം: വീട്ടുകാരോടൊപ്പം കോവളത്ത് കടൽ കാണാനെത്തി കടപ്പുറത്തുനിന്ന് കാണാതായ യുവാവിനെ കോഴിക്കോട് കണ്ടെത്തി. കല്ലറ തച്ചോട്ടുകോണം എഫ്.എൻ മൻസിലിൽ ഫസലുദീനെയാണ് (36) കോഴിക്കോട് കണ്ടെത്തിയത്. ആഗസ്റ്റ് 14ന് പിതാവ് സെയ്നുദ്ദീനെ ഡോക്ടറെ കാണിക്കാനായി ബന്ധുക്കളുമൊന്നിച്ച് തിരുവനന്തപുരത്ത് വന്ന യുവാവ് വൈകീട്ട് മൂന്നോടെ ബന്ധുക്കളും ഒന്നിച്ച് കോവളം സീറോക്ക് ബീച്ചിലെത്തി. തുടർന്ന് പെട്ടെന്ന് കാണാതാവുകയായിരുന്നു. കടലിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സാമ്പത്തികബാധ്യതയുള്ള യുവാവിനെ കാണാതായതിന് പിന്നിൽ തുക മടക്കിനൽകാനുള്ള ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണെന്ന് സംശയം ബന്ധുക്കൾ ഉന്നയിച്ചതാണ് തിരോധാനത്തിൽ ദുരൂഹത ഉയർത്തിയത്. ബന്ധുക്കളുടെ പരാതിയെതുടർന്ന് കോവളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം വാർത്തയായതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ അന്വേഷണത്തിനായി വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ ഷിബുവിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തുടർന്നാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കല്ലറയിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്ന ഫസലുദീനെ കാണാതാകുമ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളൊന്നും കൂടെ കൊണ്ടുപോയിരുന്നില്ല. സൈബർസെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണമാണ് യുവാവിനെ കണ്ടെത്തുന്നതിന് സഹായകമായത്. മൊബൈൽ ഫോൺ മൊത്തക്കച്ചവടം നടത്തിയിരുന്ന ഫസലുദ്ദീന് ബിസിനസിൽ നഷ്ടം വന്നതിനെതുടർന്ന് വൻ സാമ്പത്തികബാധ്യത ഉണ്ടായി. സമ്മർദത്തെതുടർന്ന് കടലിൽ കാണാതായതായുള്ള ദുരൂഹത സൃഷ്ടിച്ച് ഒളിവിൽ കഴിയാനുള്ള പദ്ധതി തയാറാക്കിയാണ് യുവാവ് ബന്ധുക്കളുമായി കോവളം ബീച്ചിൽ എത്തിയതും തുടർന്ന് കാണാതായതും. തീരത്തുനിന്ന് ഒാട്ടോയിൽ തമ്പാനൂർ എത്തി അവിടെനിന്ന് ബസിൽ കോഴിക്കോട് പോവുകയായിരുന്നുവെന്ന് മൊഴി നൽകി. കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ ഡ്രൈവർ കം സെക്യൂരിറ്റിയായി ജോലിനോക്കിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഫോട്ടോ - കോവളം ബീച്ചിൽനിന്ന് കാണാതാകുന്നതിന് മുമ്പ് എടുത്ത ഫസലുദ്ദീെൻറ ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.