ആർ.എസ്.എസ് അജണ്ട കേരളം​ ഒറ്റക്കെട്ടായി നേരിടും ^പിണറായി

ആർ.എസ്.എസ് അജണ്ട കേരളം ഒറ്റക്കെട്ടായി നേരിടും -പിണറായി മലയിൻകീഴ് (തിരുവനന്തപുരം): മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളാക്കി ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് അജണ്ട മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഭരിക്കുന്നവരുടെ അജണ്ട നടപ്പാക്കിയില്ലെങ്കിൽ കേരളത്തെ 'ഉണ്ടാക്കിക്കളയാമെന്ന്' കരുതുന്നെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ തങ്ങൾ തയാറാണെന്നും പിണറായി പറഞ്ഞു. സി.പി.എം വിളപ്പിൽ ഏരിയ കമ്മിറ്റി പുതുതായി നിർമിച്ച ഓഫിസ് മന്ദിരം (ഇ.കെ. നായനാർ സ്മാരകം) ഉദ്ഘാടനം ചെയ്തശേഷം പേയാട് ജങ്ഷനിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബഹുസ്വരത ഇല്ലാതാക്കി മതാതിഷ്ഠിത രാജ്യമാക്കാൻ ശ്രമിക്കുന്ന ഈ പിന്തിരിപ്പൻ ശക്തികളെ ഇല്ലായ്മ ചെയ്യാൻ രാഷ്ട്രീയമായി തങ്ങളെ എതിർക്കുന്നവർപോലും ഒപ്പമുണ്ടാകും. ജർമനിയിലെ ഹിറ്റ്ലറുടെ നാസിസമാണ് ആർ.എസ്.എസ് പ്രത്യയശാസ്ത്രം. മുസ്ലിം, ക്രൈസ്തവ മതന്യൂനപക്ഷത്തെ ആഭ്യന്തര ശത്രുക്കളായാണ് അവർ കണക്കാക്കുന്നത്. അതിൽ കമ്യൂണിസ്റ്റുകാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണം കൈയാളിയതോടെ എങ്ങനെയും കേരളം കൈപ്പിടിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാണിവിടെ ലഹളയുണ്ടാക്കാൻ അവർ ശ്രമിക്കുന്നത്. ത​െൻറ സംസ്ഥാനത്തെക്കാൾ ഉയർന്ന ശിശുമരണനിരക്കാണ് കേരളത്തിലെന്ന് പറയുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുടെ വാക്കുകൾ മൂക്കത്ത് വിരൽവെക്കാതെ എങ്ങനെ കേൾക്കുമെന്നും പിണറായി വിജയൻ ചോദിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷതവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലൈബ്രറി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ശശി, എ. സമ്പത്ത്, ഐ.ബി. സതീഷ്, കെ.എസ്. സുനിൽകുമാർ, പുത്തൻകട വിജയൻ എന്നിവർ സംസാരിച്ചു. ബഹുജനറാലിയും റെഡ് വളണ്ടിയർ മാർച്ചും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.