ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ മൂന്നുകോടിയുടെ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നു

ചിറയിന്‍കീഴ്: ഗ്രാമപഞ്ചായത്തില്‍ മൂന്നുകോടിയുടെ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നു. ക്ഷീരവികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തില്‍ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയില്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത് ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിനെയാണ്. പദ്ധതിയിലൂടെ ചിറയിന്‍കീഴിലെ പാലുൽപാദനം 6500 ലിറ്ററില്‍നിന്ന് 8600 ലിറ്ററായി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. 1732 ലിറ്റര്‍ പാല്‍ സംഭരിക്കുകയും ലക്ഷ്യമിടുന്നു. ഇതിനായി ഒരു പശു വീതം 40 പേര്‍ക്കും രണ്ടു പശു വീതം 35 പേര്‍ക്കും അഞ്ചുപശു വീതം ഏഴുപേര്‍ക്കും 10 പശു വീതം ആറു പേര്‍ക്കും നല്‍കും. നിലവിലെ ക്ഷീരകര്‍ഷകര്‍ക്കാകും പദ്ധതിയില്‍ മുന്‍ഗണന. അഞ്ച് കിടാരികള്‍ വീതമുള്ള മൂന്ന് യൂനിറ്റും 10 കിടാരികള്‍ വീതമുള്ള മൂന്ന് യൂനിറ്റും ഒരു ഡയറി യൂനിറ്റും നടപ്പാക്കും. ഏഴ് കറവയന്ത്രം, എട്ട് ശാസ്ത്രീയ കാലിത്തൊഴുത്തുകള്‍ എന്നിവയും ലഭ്യമാക്കും. കര്‍ഷകര്‍ക്ക് ധനസഹായവും ഇതര സാങ്കേതിക സഹായങ്ങളും ഉറപ്പുവരുത്തും. 2.71 കോടിയുടേതാണ് പദ്ധതി. ഒരുകോടി സബ്‌സിഡിയായി നല്‍കും. ബാക്കി തുക സംഘങ്ങളും ഗുണഭോക്തൃ വിഹിതമായും കണ്ടത്തും. അഞ്ച് ക്ഷീര സംഘങ്ങള്‍ക്ക് പുറമെ മൂന്ന് സഹകരണ സ്ഥാപനങ്ങളുടെ സഹായംകൂടി പദ്ധതിയുടെ വിപുലീകരണത്തിന് ഉപയോഗപ്പെടുത്തും. പദ്ധതിയിലൂടെ പഞ്ചായത്തിലെ 380 കുടുംബങ്ങള്‍ നേരിട്ട് ഗുണഭോക്താക്കളാകും. 210 കറവപ്പശുക്കള്‍ പുതുതായി പഞ്ചായത്തിലെത്തും. 15,000 ത്തിലധികം തൊഴില്‍ ദിനങ്ങളും വർധിക്കും. നിലവില്‍ ചിറയിന്‍കീഴ് പഞ്ചായത്തില്‍ 10 കോടിയുടെ വരുമാനമാണ് ക്ഷീരമേഖലയില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വരുമാനത്തില്‍ 30 ശതമാനം വളര്‍ച്ചയുണ്ടാകും. പദ്ധതിയുടെ ഉദ്ഘാടനം നാലിന് വൈകീട്ട് മൂന്നിന് ശാര്‍ക്കര മൈതാനിയില്‍ മന്ത്രി കെ. രാജു നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.