ജനങ്ങളോടുള്ള വെല്ലുവിളിയായി ചാത്തന്നൂർ^പരവൂർ റോഡ്

ജനങ്ങളോടുള്ള വെല്ലുവിളിയായി ചാത്തന്നൂർ-പരവൂർ റോഡ് പരവൂർ: ചാത്തന്നൂർ-പരവൂർ റോഡി​െൻറ നിർമാണം ആരംഭിച്ച് അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തീകരണം ഉണ്ടായില്ല. പല ഭാഗങ്ങളും ഗതാഗതം അസാധ്യമാകുംവിധം തകർന്നുകിടക്കുകയാണ്. ആകെ പൂർത്തിയായത് മീനാട് ക്ഷേത്രത്തിനു സമീപം വരെ മാത്രമാണ്. നിർമാണം പൂർത്തിയാകാത്ത മീനാട് ശാസ്താക്ഷേത്രം മുതൽ തിരുമുക്ക് വരെയുള്ള ഒരു കിലോമീറ്റർ ഭാഗം പൂർണമായും തകർന്നനിലയിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടുന്നതി​െൻറ ഫലമായും റോഡ് തകർന്നിട്ടുണ്ട്. മീനാട് പാലമൂട്ടിലെ പാലമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളോളം പ്രവൃത്തി നിർത്തിവെച്ചിരുന്നു. രണ്ടു വർഷം മുമ്പ് മരം മുറിച്ചെങ്കിലും ഈ ഭാഗവും തകർന്ന് കിടക്കുകയാണ്. മീനാട് ക്ഷേത്രം മുതൽ തിരുമുക്കുവരെയുള്ള ഭാഗത്ത് പ്രാഥമിക ടാറിങ് മാത്രമാണ് നടന്നത്. വെള്ളക്കെട്ടു മൂലം ഇൻറർലോക്ക് ചെയ്ത രണ്ടു ഭാഗങ്ങളും ഇതിൽപെടുന്നു. ടാറിങ്ങും ഇൻറർലോക്കും പരസ്പരം ബന്ധിപ്പിച്ച് ഫിനിഷ് ചെയ്യാത്തത് ഇൻറർലോക്ക് കട്ടകൾ ഇളകാൻ കാരണമായി. എൻ. അനിരുദ്ധൻ എം.എൽ.എയായിരുന്ന കാലത്ത് ചാത്തന്നൂർ തിരുമുക്കു മുതൽ പരവൂർ വരെ ഏഴു കിലോമീറ്റർ റോഡി​െൻറ പുനർനിർമാണത്തിന് ഏഴു കോടി രൂപ അനുവദിച്ചിരുന്നു. ഏഴര മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ പുനർ നിർമാണം നടത്താനായിരുന്നു പദ്ധതി. റോഡി​െൻറ നിർമാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുൻകൂട്ടി തയാറാക്കാത്തതിനാൽ തുടക്കത്തിൽതന്നെ പ്രവർത്തനം പാളി. കരാറായതിനുശേഷമാണ് ചില ഭാഗങ്ങളിൽ ഉയരക്കൂടുതൽ വേണമെന്ന കാര്യം പൊതുമരാമത്ത് വകുപ്പുകാർക്ക് ബോധ്യമായത്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേ മുക്കിൽ ഉയരം കൂട്ടാനും പരവൂർ ദയാബ്ജി ജങ്ഷന് സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിർമിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിന് ഒരു കോടി വകമാറ്റി. ഇത്രയും പണം ചെലവഴിച്ച് നിർമാണം നടത്തിയിട്ടും വെള്ളക്കെട്ടിന് ശമനമുണ്ടായില്ല. എസ്റ്റിമേറ്റ് പുതുക്കുന്നതി​െൻറ പേരിൽ മാസങ്ങളോളം നിർമാണം മുടങ്ങി. പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താൻ ധാരണയായി. ഏഴു കിലോമീറ്റർ മൂന്നു ഭാഗങ്ങളാക്കി പരവൂർ ജങ്ഷൻ മുതൽ ദയാബ്ജി ജങ്ഷന് സമീപം വരെ ഒരു കിലോമീറ്റർ ഒരാൾക്കും അവിടം മുതൽ മീനാട് ധർമശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റർ ഭാഗം മറ്റൊരാൾക്കും കരാർ നൽകി. ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാൽ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിനായി മാറ്റി. മീനാട് ക്ഷേത്രം മുതൽ തിരുമുക്ക് വരെയുള്ള ഒരു കിലോമീറ്റർ ഭാഗം മൂന്ന് കോടിയിൽപ്പരം രൂപയുടെ പുതിയ കരാർവെച്ചാണ് പ്രവൃത്തി പുനരാരംഭിച്ചത്. ഒരു കിലോമീറ്റർ റോഡ് നിർമാണത്തിന് മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് കേട്ടു കേൾവിയില്ലാത്തതാണെന്നുള്ള ആരോപണം ഉയർന്നിരിന്നു. നിർമാണം തുടങ്ങി അഞ്ചുവർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത റോഡി​െൻറ അവസ്ഥയിൽ സ്ഥലം എം.എൽ.എ ജി.എസ്. ജയലാൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. പാലമുക്കിന് പേരു മാത്രമായി മിച്ചം; കുഴികൾ സർവത്ര പരവൂർ: ചാത്തന്നൂർ--പരവൂർ റോഡ് വികസനത്തിനായി മീനാട് പാലമുക്കിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലമരം മുറിച്ചു മാറ്റിയ ഭാഗത്ത് ഒന്നാം ഘട്ട മെറ്റലിങ് മാത്രമാണ് നടന്നത്. ഇവിടെ ഒരു വെയിറ്റിങ് ഷെഡ് നിർമിച്ചിട്ടുണ്ട്. രണ്ട് റോഡുകൾ വന്നുചേരുന്ന ഇവിടെ റോഡി​െൻറ തകർച്ചമൂലം അപകടസാധ്യത കൂടുതലാണ്. നിർമാണം പൂർത്തിയായതും അല്ലാത്തതുമായ ഭാഗത്ത് അമ്പതോളം കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അഞ്ചുവർഷം ഗാരൻറിയുള്ള റോഡ് ആറു മാസത്തിനുള്ളിൽ തകർന്ന് തുടങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.