തിരുവനന്തപുരം: ശുചിത്വപൂർണ നഗരം സൃഷ്ടിക്കാൻ രംഗത്തിറങ്ങണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന തള്ളാൻ നടൻ മോഹൻലാലിനായില്ല. ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച തലസ്ഥാനത്ത് ചൂലുമായി സൂപ്പർ താരമിറങ്ങിയപ്പോൾ നഗരത്തിൽ ഒറ്റ ദിവസംകൊണ്ട് വൃത്തിയായത് ഇരുപതോളം കേന്ദ്രങ്ങൾ. ഒാൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് ഫെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് താരമെത്തിയത്. സ്വച്ഛത ഹി സേവ (ശുചിത്വം സേവനമാണ്) പ്രചാരണ പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഹൻലാലിന് കത്തയച്ചത്. കത്ത് കിട്ടിയെങ്കിലും ഷൂട്ടിങ് തിരക്കുകളാൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. എന്നാൽ, ഗാന്ധിജയന്തി ദിനമായ തിങ്കളാഴ്ച സംസ്ഥാനത്തുള്ള തെൻറ ഫാൻസുകാരോട് അതത് ജില്ലകളിൽ ശുചീകരണത്തിന് ഇറങ്ങണമെന്ന് മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു. രാവിലെ 10ന് തൈക്കാട് ഗാന്ധി സ്മാരകനിധിയിലെത്തിയ താരത്തെ വൻ ജനാവലിയാണ് വരവേറ്റത്. ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയിലും സർവമത പ്രാർഥനയിലും പങ്കാളിയായ അദ്ദേഹം പിന്നീട് താൻ പഠിച്ച മോഡൽ ബോയിസ് ഹയർസെക്കണ്ടറിസ്കൂളിലേക്ക് പോയി. സ്കൂളിൽ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളിയാകാനെത്തിയവർക്ക് ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താൻ പഠിച്ചിറങ്ങിയ സ്കൂൾ മുറ്റത്തെ ചപ്പുചവറുകൾ ചൂലുകൊണ്ട് നീക്കി മോഹൻലാൽ ഫാൻസ് അസോസിയേഷെൻറ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ഫോർട്ട്, തൈക്കാട് ആശുപത്രികളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മോഹൻലാലും പങ്കാളിയായി. അസോസിേയഷൻ പ്രതിനിധികളായ കിരീടം ഉണ്ണി, അശോക് കുമാർ, സനൽകുമാർ, ആൻറണി പെരുമ്പാവൂർ, സജു എന്നിവരും താരത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.