രോഗികളായ ജീവനക്കാരെ സ്​ഥലം മാറ്റരുതെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പൊതുനിബന്ധനകൾ ഉയർത്തിപ്പിടിച്ചും നിലവിൽ ഒഴിവില്ലെന്ന് പറഞ്ഞും രോഗികളായ ജീവനക്കാരെ ദൂരസ്ഥലത്ത് ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് മനുഷ്യത്വപരമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കാർഷിക വികസന വകുപ്പിൽ അഗ്രികൾചറൽ അസിസ്റ്റൻറായി ജോലി ചെയ്യുന്ന രോഗിയായ ജീവനക്കാരന് തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കുറച്ച് യാത്ര ചെയ്ത് ജോലി ചെയ്യാവുന്ന തരത്തിൽ സ്ഥലംമാറ്റം നൽകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശം നൽകി. തിരുപുറം സ്വദേശിനി ചിത്ര സമർപ്പിച്ച പരാതിയിലാണ് നടപടി. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ചിത്രയുടെ ഭർത്താവ് അജിത്കുമാർ ചികിത്സയിലാണ്. ഇതിനിടെ കിഡ്നി സംബന്ധമായും രോഗമുണ്ടായി. പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് അപേക്ഷ നൽകിയെങ്കിലും തൃശൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ മൂന്നുവർഷം പൂർത്തിയായതു കാരണമാണ് തൃശൂരിലേക്ക് സ്ഥലം മാറ്റിയതെന്ന് കൃഷിവകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു. നിലവിലുള്ള സർക്കാർ നിബന്ധനകൾക്ക് വിധേയമായാണ് സ്ഥലംമാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.