വ​ർ​ക്ക​ല ടി.​എ​സ് ക​നാ​ൽ ന​വീ​ക​ര​ണം: സ​ർ​വേ ഇ​ന്ന് തീ​രും

വർക്കല: മുഖ്യമന്ത്രിയുടെ ശാസന ഫലം കണ്ടു. ടി.എസ് കനാൽ ദേശീയജലപാത നവീകരണത്തിന് കീറാമുട്ടിയായ വർക്കലഭാഗത്തെ സർവേ ജോലികൾ വെള്ളിയാഴ്ച തീരും. 12 വർഷമായി ഇഴയുന്ന സർവേ സംബന്ധിച്ച് അടുത്തുചേർന്ന യോഗത്തിൽ മുഖ്യമന്ത്രി കലക്ടറോട് ചൂടായിരുന്നു. ഇതേതുടർന്ന് കലക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകുകയും വേഗം പ്രവൃത്തി നടക്കുകയുമായിരുന്നു. വാഹനപ്പെരുപ്പം, റോഡപകടങ്ങൾ, പരിസ്ഥിതി മലിനീകരണം, ചരക്കുനീക്കത്തിലുള്ള കാലതാമസം, ടൂറിസം സാധ്യതകൾ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ദേശീയ ജലപാതയായ തിരുവനന്തപുരം-ഷൊർണൂർ കനാൽ നവീകരണത്തിന് സർക്കാർ തുടക്കമിട്ടത്. കേന്ദ്ര സർക്കാറിെൻറ അനുമതിയോടെ ആദ്യ ഉമ്മൻ ചാണ്ടി സർക്കാറാണ് പദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് അധികാരത്തിൽ വന്ന അച്യുതാനന്ദൻ സർക്കാറും പദ്ധതിയുമായി മുന്നോട്ടു പോയി. ഇതിെൻറ ഭാഗമായി ടി.എസ് കനാലിലെ വലിയ തുരങ്കം സന്ദർശിക്കുകയും തുരങ്കത്തിനുള്ളിലേക്ക് വള്ളത്തിൽ യാത്ര ചെയ്യുകയും അദ്ദേഹം ചെയ്തു. ടി.എസ് കനാലിലെ വർക്കല ഭാഗത്തെ രണ്ടുതുരങ്കത്തിെൻറയും നവീകരണം ഉൾപ്പെടെ അതിവിപുല പദ്ധതിയാണ് ലക്ഷ്യമിട്ടത്. പതിറ്റാണ്ടുകളായി ചളിയും എക്കലും മണലും മാലിന്യങ്ങളും കാട്ടുചെടികളും നിറഞ്ഞ കനാൽ ശുദ്ധീകരണം പ്രഖ്യാപിക്കുകയും പണികൾ അന്നുമുതൽ ആരംഭിക്കുകയും ചെയ്തു. ഇതിനൊപ്പംതന്നെ കനാലിെൻറ ഇരുകരയിലും താമസിക്കുന്നവരെ അവിെടനിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന പദ്ധതിയും അധികൃതർ അംഗീകരിച്ചു. ഇതിന് സർവേ നടത്താനും സർക്കാർ ഉത്തരവിട്ടു. എന്നാൽ, കാലമിത്രയായിട്ടും സർവേയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതാണ് പദ്ധതി അനന്തമായി നീളാൻ കാരണമായത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ജലപാത നവീകരണം നയപരിപാടിയിൽ ഉൾപ്പെടുത്തുകയും കേന്ദ്ര -സംസ്ഥാന സർക്കാറുകൾ വേണ്ടത്ര ഫണ്ട് ഉറപ്പാക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ കനാലിലെ ചളിയും മാലിന്യങ്ങളും നീക്കിയും വീതി കൂട്ടിയും പാർശ്വഭിത്തികൾ നിർമിച്ചും വലിയൊരളവുവരെ പദ്ധതി മുന്നോട്ട് നീങ്ങി. എന്നാൽ, കനാലിെൻറ വർക്കല ഭാഗെത്ത നവീകരണം അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോഴും വശങ്ങളിലെ താമസക്കാരെ സംബന്ധിച്ച സർവേ എങ്ങുമെത്തിയില്ല. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുടെ ഉന്നതല യോഗം വിളിക്കുകയായിരുന്നു. വിശദ സർവേ റിപ്പോർട്ട് വെള്ളിയാഴ്ച തന്നെ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന് കൈമാറുമെന്നും അറിയുന്നു. നിലവിൽ ടി.എസ് കനാലിലെ വർക്കല ഭാഗത്ത് 10 മുതൽ 12 മീറ്റർ മാത്രമേ വീതിയുള്ളു. എന്നാൽ, ടി.എസ് കനാൽ നവീകരണപദ്ധതിയുടെ ബ്ലൂ പ്രിൻറ് പ്രകാരം ജലഗതാഗതം സാധ്യമാകണമെങ്കിൽ 40 മീറ്റർ വീതിയുണ്ടാകണം. നടയറ, തൊടവേ, രാമന്തളി, വള്ളക്കടവ്, ചിലക്കൂർ, താഴെ വെട്ടൂർ, അരിവാളം എന്നിവിടങ്ങളിലായി ആയിരത്തോളം കുടുംബങ്ങളാണ് കുടിലുകളും വീടുകളും നിർമിച്ച് പതിറ്റാണ്ടുകളായി താമസിക്കുന്നത്. ഇവരെയെല്ലാം ഒഴിപ്പിച്ചാലേ പദ്ധതി നടപ്പാക്കാൻ സാധിക്കൂ. ആയിരത്തോളം കുടുംബങ്ങളെയും ഒഴിപ്പിക്കേണ്ടിയും വരും. ഇവരിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരും കൂലിപ്പണിക്കാരുമാണ്. ഇവരെയെല്ലാം പുനരധിവസിപ്പിക്കാനുള്ള പദ്ധതി സർക്കാർ തയാറാക്കിയിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.