തിരുവനന്തപുരം: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മുട്ടത്തറ പൊന്നറ നഗറിൽ ബുധനാഴ്ച ഭാര്യ ജോളിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഷാജിയെയാണ് പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. വ്യാഴാഴ്ച വൈകുന്നേരം കൊലപാതകം നടന്ന ഇവരുടെ വീട്ടിൽ പ്രതിയുമായി പൊലീസ് എത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഉയർത്തിയത്. പൊലീസ് വലയം ഭേദിക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. അന്വേഷണച്ചുമതലയുള്ള തമ്പാനൂർ സി.ഐ പൃഥ്വിരാജ്, ഫോർട്ട് എസ്.ഐ ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഫോറൻസിക് വിഭാഗവും പരിശോധനക്കെത്തി. ബുധനാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ഷാജി ജോലി കഴിഞ്ഞെത്തിയ ഭാര്യ ജോളിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൊല നടത്തുകയുമായിരുന്നെന്നാണ് കേസ്. തടിക്കഷണം കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഷാജി കീഴടങ്ങുകയായിരുന്നു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്ച കുറവൻകോണം സാൽവേഷൻ ആർമി ചർച്ചിൽ സംസ്കരിച്ചു. പ്രതിയെ വ്യാഴാഴ്ച രാത്രിയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.