തിരുവനന്തപുരം: അത്യുഷ്ണം താങ്ങാനാകാതെ മൃഗശാലയിൽ പക്ഷികളും മൃഗങ്ങളും അനാരോഗ്യഭീതിയിൽ. ഫാനും എ.സിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും വേനലിൽനിന്ന് ഇവയെ രക്ഷിക്കാൻ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. പക്ഷികൾക്കും മൃഗങ്ങൾക്കും എ.സിയും ഫാനും ഉപയോഗിക്കാൻ പാടുണ്ടോയെന്നും അത് എപ്രകാരമായിരിക്കണമെന്നുമുള്ള പ്രത്യേക വ്യവസ്ഥയിലൊന്നുമല്ല ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്നും പരാതികളുണ്ട്. ചൂട് സഹിക്കാൻ കഴിയാതെ ഒട്ടകപ്പക്ഷികളിൽ ഒരെണ്ണം ബുധനാഴ്ച തളർന്നുവീണ് ചത്തു. ഒരുവർഷം മുമ്പ് ചെന്നൈ കാട്ടുപാക്കം ഒട്ടകപ്പക്ഷി ഫാമിൽനിന്ന് കൊണ്ടുവന്ന രണ്ടര വയസ്സുള്ള ഒട്ടകപ്പക്ഷിയാണ് ചത്തത്. ഒട്ടകപ്പക്ഷികൾക്ക് ചൂടിനെയും പ്രതിരോധിക്കാൻ കഴിയുമെങ്കിലും ചെന്നൈയിലെ ഫാമിൽ വിരിയിച്ചെടുത്ത ഇനമായതിനാൽ അത്യുഷ്ണത്തെ പ്രതിരോധിക്കാനുള്ള കഴിവില്ലെന്നാണ് നിഗമനം. ബുധനാഴ്ച ചത്ത ഒട്ടകപ്പക്ഷിയെ പോസ്റ്റ്മോർട്ടം നടത്തിയതിൽനിന്ന് സൂര്യാതപമാണ് മരണകാരണമായി വിലയിരുത്തിയത്. കൂടുതൽ പരിശോധനഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ മറ്റ് കാരണങ്ങൾ അറിയാനാകൂവെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. ചൂട് രൂക്ഷമായ സാഹചര്യം മുൻനിർത്തി വെയിൽ നേരിട്ട് ഒട്ടകപ്പക്ഷികൾക്ക് അടിക്കാതിരിക്കാൻ തുറന്ന കൂട്ടിൽ നെറ്റ് അടിച്ചും ഷീറ്റ് സ്ഥാപിച്ചും തണൽ ഒരുക്കി. ചൂടിൽനിന്ന് രക്ഷതേടാൻ കുറച്ചിടങ്ങളിൽ ഫാനും എ.സിയും െവച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക പക്ഷിമൃഗാദികൾക്കും നിലവിൽ മറ്റ് സംവിധാനങ്ങൾ ഒന്നുമില്ല. അത്യുഷ്ണം ഇങ്ങനെ തുടർന്നാൽ അവധിക്കാലം എത്തുമ്പോൾ മൃഗശാലയിൽ എത്രയെണ്ണം ബാക്കിയുണ്ടാകുമെന്നാണ് ആശങ്ക. നിർജലീകരണം ഒഴിവാക്കാൻ വിറ്റാമിനും മിനറൽസും അടങ്ങിയ ഭക്ഷണവും നൽകുന്നതായി അധികൃതർ പറയുന്നു. എന്നാൽ ഇത് കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് വസ്തുത. കടുവ തുടങ്ങിയ മൃഗങ്ങളെ രാവിലെയും വൈകീട്ടും കുളിപ്പിക്കുകയും വെള്ളം കൂടുതൽ നൽകുകയും ചെയ്യുന്നതായും അധികൃതർ പറയുന്നു. കുറച്ചു നേരം ഹോസ് ഉപയോഗിച്ച് കൂട്ടിലേക്ക് വെള്ളം ചീറ്റുകയാണ് ജീവനക്കാർ ചെയ്യുന്നതത്രെ. പലപ്പോഴും മൃഗങ്ങൾ ഒഴിഞ്ഞുമാറുകയാണ് പതിവ്. രാവിലെ മുതൽ രാത്രി വരെ ചൂട് കടുത്ത് നിൽക്കുന്നതിനാൽ കൂടുകളിൽ ഉള്ള പക്ഷി^ മൃഗാദികൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി സന്ദർശകരും പറയുന്നു. ഏപ്രിൽ^മേയ് മാസങ്ങളിലാണ് മൃഗശാലയിൽ സന്ദർശകർ ഏെറയും എത്തുന്നത്. ദേശീയ മൃഗശാല അതോറിറ്റിയുടെ നിബന്ധനകൾ കാരണം ജനങ്ങളെ ആകർഷിക്കുന്ന മൃഗങ്ങൾ ഒന്നും തന്നെ നിലവിൽ മൃഗശാലയിൽ ഇല്ല. കുരങ്ങുകളും രാജവെമ്പാലയും അനാക്കോണ്ടയും ജലപക്ഷികളും സിംഹവും കരടിയും കടുവയും പുള്ളിപ്പുലിയുമായാൽ മൃഗശാല കഴിഞ്ഞുവെന്ന അവസ്ഥയാണ്. ഭൂരിപക്ഷം തുറന്ന കൂടുകളും ഒഴിഞ്ഞാണ് കിടക്കുന്നത്. ദേശീയ മൃഗശാല അതോറിറ്റിയുടെ നിയമം മൂലം ആനയെ ഇവിടെ നിന്ന് മാറ്റി. ആകെയുണ്ടായിരുന്ന വരയൻ കുതിരയും കുറച്ച് ദിവസം മുമ്പ് ചത്തു. ഹിമാലയൻ കരടി ചത്ത് ഒരു വർഷത്തോളം കഴിഞ്ഞാണ് രണ്ട് ഹിമാലയൻ കരടികളെ മൃഗശാലയിൽ എത്തിച്ചത്. ജിറാഫ്, ജാഗ്വാർ തുടങ്ങിയ മൃഗങ്ങളെത്തുമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിനിെട 62 ലധികം മൃഗങ്ങളാണ് മൃഗശാലയിൽ ചത്തത്. വെറ്ററിനറി ഡോക്ടർെക്കാപ്പം പ്രവർത്തിക്കുന്നത് പരിചയസമ്പന്നരല്ലാത്തവരാണെന്ന് ആക്ഷേപമുണ്ട്. ഇത്തരക്കാർക്ക് മൃഗപരിപാലനത്തെക്കുറിച്ചും മറ്റും വ്യക്തതയില്ലാത്തതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.