വിളപ്പിൽ: പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങളുമായി മാർക്കറ്റിൽ പോയി മടങ്ങിയവരെ കുട്ടികൾ വഴിയിൽ തടഞ്ഞുനിർത്തി. കാര്യമറിയാതെ കണ്ണുമിഴിച്ചവരോട് പ്ലാസ്റ്റിക്കെന്ന മഹാവിപത്തിനെ ക്കുറിച്ച് കുരുന്നുകളുടെ സ്നേഹമന്ത്രം. പിന്നെ പ്ലാസ്റ്റിക് കവറുകൾ വാങ്ങിയെടുത്ത് പകരം തങ്ങൾ തുന്നിയ തുണിസഞ്ചികൾ സമ്മാനിച്ച് യാത്രയാക്കി. കുട്ടികളുടെ വലിയ ഉദ്യമത്തിന് പിന്തുണയുമായി മാന്ത്രികൻ ഗോപിനാഥ് മുതുകാടും ഐ.ബി. സതീഷ് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ കുട്ടികളാണ് ഇന്നലെ രാവിലെ 9.30ന് പേയാട് ചന്തമുക്കിൽ മുതുകാടിെൻറ കൈപിടിച്ച് ‘ഭൂമിയുടെ രക്ഷക്ക് ഒഴിവാക്കാം പ്ലാസ്റ്റിക്’ എന്ന വലിയ സന്ദേശവുമായി എത്തിയത്. ആഴ്ചയിൽ ഒരു ദിവസം ഗ്രാമത്തിലെ ഓരോ കവലകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് പ്ലാസ്റ്റിക്കിനെതിരെ പോരാടാനാണ് കുട്ടികളുടെ തീരുമാനം. അവധിക്കാലത്തും തങ്ങൾ പ്ലാസ്റ്റിക്മുക്ത ഗ്രാമത്തിനായി നിരത്തിലിറങ്ങുമെന്ന് കുട്ടികൾ പറയുന്നു. കണ്ണശമിഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബാണ് വേറിട്ട ആശയം സ്കൂൾ അധികൃതരെ അറിയിച്ചത്. സ്കൂൾ ചെയർമാൻ ആനന്ദ് കണ്ണശ, ഹെഡ്മാസ്റ്റർ ഡോ. രാജേന്ദ്രബാബു, പി.ടി.എ പ്രസിഡൻറ് പി.എസ്. പ്രേംകുമാർ എന്നിവർ പിന്തുണനൽകി. വീടുകളിലും അയൽവീടുകളിലും നിന്ന് അവർ ഉപയോഗശൂന്യമായ സാരികൾ ശേഖരിച്ചു. കുട്ടികൾതന്നെ തുണിസഞ്ചിയുണ്ടാക്കി നാട്ടുകാർക്ക് നൽകി മാതൃകയാവുകയായിരുന്നു. കുട്ടികളുടെ വലിയ സന്ദേശത്തിന് ഒപ്പംനിൽക്കാൻ സാമൂഹിക സാംസ്കാരികമേഖലയിൽ നിന്ന് നിരവധിപേരെത്തി. ഗിരീഷ് പുലിയൂർ, കണ്ണൻ, പ്രവീൺ പേയാട് എന്നിവരും പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.