വിളപ്പിൽ: പേയാട് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികളും പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളും തിങ്കളാഴ്ച പേയാട് കാട്ടാക്കട റോഡ് ഉപരോധിച്ചു. വിഷയം തിങ്കളാഴ്ച രാവിലെ 10ന് ചർച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് പൊലീസ് നൽകിയ ഉറപ്പ്. ഇത് പാലിക്കാത്തതിനെ തുടർന്നായിരുന്നു ഉപരോധം. തിങ്കളാഴ്ച തൊഴിലാളി നേതാക്കളും ബി.ജെ.പി, കോൺഗ്രസ് ജനപ്രതിനിധികളും പൊലീസും പഞ്ചായത്തിൽ എത്തി. എന്നാൽ, ഉച്ചവരെ കാത്തുനിന്നിട്ടും പ്രസിഡൻറും സെക്രട്ടറിയും ചർച്ചക്ക് എത്തിയില്ല. തുടർന്ന് പൊലീസ് പാർക്കിങ് നിരോധിച്ചിടത്ത് ഓട്ടോകൾ നിർത്തിയാണ് ഐക്യ ട്രേഡ് യൂനിയെൻറ നേതൃത്വത്തിൽ ആദ്യം സമരം ആരംഭിച്ചത്. മലയിൻകീഴ് സി.ഐ ജയകുമാർ, വിളപ്പിൽശാല എസ്.ഐ കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉച്ച ഒന്നരയോടെ പ്രതിഷേധം ശക്തമായി. പേയാട്- കാട്ടാക്കട റോഡ് സമരക്കാർ ഉപരോധിച്ചു. ഇതോടെ കൂടുതൽ പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. സി.പി.എം നേതൃത്വത്തിെൻറ ചട്ടുകമായി പൊലീസ് മാറിയെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങളും സമരത്തിൽ പങ്കെടുത്തു. ഇവരെയും െപാലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിലവിലെ സ്റ്റാൻഡിനോട് ചേർന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് സ്ഥാപിച്ചു. ഇതാണ് സ്റ്റാൻഡ് മാറ്റൽ തീരുമാനത്തിന് പിന്നിലെന്ന് പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്ത് ഐകകണ്ഠ്യേന ഓട്ടോ സ്റ്റാൻഡ് മാറ്റാൻ തീരുമാനിെച്ചന്നത് കളവാണെന്നും അവർ പറയുന്നു. തങ്ങൾ അറിയാതെ പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് മിനിറ്റ്സിൽ കൃത്രിമം കാണിച്ച് വ്യാജരേഖയുണ്ടാക്കിയതാണെന്നും അവർ ആരോപിച്ചു. ഇതിനെതിരെ പരാതി നൽകുമെന്നും അംഗങ്ങൾ പറഞ്ഞു. സി.പി.എം ഭരണസമിതിയെ പ്രീതിപ്പെടുത്താൻ തൊഴിലാളികളെയും പഞ്ചായത്ത് അംഗങ്ങളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഐക്യ ട്രേഡ് യൂനിയൻ ചൊവ്വാഴ്ച വിളപ്പിൽ പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. വാഹന ഗതാഗതത്തെയും അവശ്യ സർവിസുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന സമിതിയംഗം പേയാട് വേണുഗോപാൽ, ബി.എം.എസ് ജില്ല സെക്രട്ടറി ഡി. കുഞ്ഞുമോൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീകുമാർ, ഐ.എൻ.ടി.യു.സി നേതാവ് ഇക്ബാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബാബുകുമാർ, മണ്ഡലം പ്രസിഡൻറ് വിനോദ് രാജ്, ജില്ലാ പഞ്ചായത്ത് അംഗം ശോഭനകുമാരി, ബ്ലോക്ക് അംഗം ജോർജുകുട്ടി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് വിളപ്പിൽശാല ശ്രീകുമാർ എന്നിവർ സമരത്തിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.