നെടുമങ്ങാട്: പ്രവാസി ദമ്പതികള്‍ സഞ്ചരിച്ച കാർ രാത്രി ബൈക്കുകളില്‍ പിന്തുടർന്ന് അടിച്ചുതകർക്കുകയും കാറിലുണ്ടായിരുന്നവരെ പരിക്കേൽപിക്കുകയും ചെയ്ത പത്തംഗ സംഘത്തിൽപെട്ട ഏഴുപേര്‍ അറസ്റ്റിൽ. പരുത്തിപ്പള്ളി സി.എസ്.ഐ േകാമ്പൗണ്ട് ഉത്രാടത്തിൽ കെ. ശശി (57), കുറ്റിച്ചൽ പള്ളിമംഗലം കിഴക്കുംകര പുത്തൻ വീട്ടിൽ തൻസീർ (22), പനയ്ക്കോട് ഇലയ്ക്കോട് വിജി ഭവനിൽ വി. അഭിജിത്ത് (22), കുറ്റിച്ചൽ സ്വദേശി എസ്. ഷെഹിൻഷാ (20), കുറ്റിച്ചല്‍ ചെമ്മണ്ണക്കുഴി മുനീർ മൻസിലിൽ എൻ. മുനീർ (19), കുറ്റിച്ചൽ കള്ളോട് റിയാസ് മൻസിലിൽ റിയാസ് (27), കുറ്റിച്ചൽ കള്ളോട് ഫൈസൽ മൻസിലിൽ എസ്. അഫ്സൽ (27) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പട്ടം മരപ്പാലത്ത് തോട്ടുവരമ്പ് വീട്ടിൽനിന്ന് വാടകക്ക് കാഞ്ഞിരംകുളം നെല്ലിമൂട് അഗസ്ത്യ വിലാസം വീട്ടിൽ താമസിക്കുന്ന ബാലു,- സൗമ്യ ദമ്പതികളെയും രണ്ടുവയസ്സായ കുഞ്ഞിനെയുമാണ് ഈ സംഘം പിന്തുടർന്ന് ആക്രമിച്ച് പരിക്കേൽപിച്ചത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ വെള്ളനാട് കൂവക്കുടി പാലത്തിന് സമീപമായിരുന്നു ആക്രമണം. പൂവച്ചലില്‍നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറിനുനേരെ ഉറിയാക്കോട് വെച്ച് ബൈക്കുകളിൽ പിന്തുടർന്ന സംഘം കല്ലെറിയുകയായിരുന്നു. കല്ല് ചില വഴിയാത്രക്കാരുടെ ദേഹത്ത് തട്ടിയതായും പറയുന്നുണ്ട്. കിലോമീറ്ററുകളോളം ബൈക്കുകളില്‍ അക്രമിസംഘം പിന്തുടരുന്നതിനെതുടർന്ന് നിയന്ത്രണംവിട്ട കാര്‍ കൂവക്കുടി പാലത്തിന് സമീപത്തെ മൺതിട്ടയില്‍ ഇടിച്ചുനിന്നു. പിന്നാലെയെത്തിയ അക്രമികള്‍ കാറിെൻറ ചില്ലുകളും മറ്റും അടിച്ചുതകർക്കുകയും കാറിലുണ്ടായിരുന്ന ദമ്പതികളെയും കുഞ്ഞിനെയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി. അക്രമിസംഘത്തിലെ ഏഴുപേരെ കൈയോടെ നാട്ടുകാർ പിടികൂടി രാത്രി പൊലീസിന് കൈമാറുകയായിരുന്നു. സിംഗപ്പൂരില്‍ ബിസിനസ് ചെയ്യുകയാണ് ബാലു. ചൊവ്വാഴ്ച രാത്രിയില്‍ തങ്ങളുടെ ബിസിനസ് പങ്കാളിയായ കുറ്റിച്ചല്‍ സ്വദേശിയെ കാണാന്‍ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബിസിനസ് സംബന്ധമായ ചർച്ച അലസിയതിനെ തുടർന്നായിരുന്നു ദമ്പതികൾ മടങ്ങിയത്. ഇവരുടെ പിന്നാലെ ബിസിനസ് പങ്കാളിയുടെ മകനും കൂട്ടുകാരും ബൈക്കുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുെന്നന്നാണ് സംഭവത്തെക്കുറിച്ച് സൗമ്യ പൊലീസില്‍ നൽകിയ മൊഴി. അക്രമണസംഘത്തിലെ മൂന്നുപേരെ പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.