ജല അതോറിറ്റിയില്‍ ഐ.ടി വിഭാഗത്തോട് നിസ്സഹകരണമെന്ന്

തിരുവനന്തപുരം: ജല അതോറിറ്റിയിലെ ഐ.ടി വിഭാഗത്തോടുള്ള ഒരു വിഭാഗം എന്‍ജിനീയര്‍മാരുടെ നിസ്സഹകരണവും പടലപ്പിണക്കവും പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഐ.ടി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമയബന്ധിതമായി അനുവദിക്കുന്നില്ളെന്നും ഫയലുകള്‍ വൈകിപ്പിക്കുന്നെന്നുമാണ് ആരോപണം. ഇതാകട്ടെ, പ്രവൃത്തികള്‍ വൈകിപ്പിക്കുകയാണ്. ഫണ്ടുകള്‍ വെട്ടിക്കുറക്കുന്നതായും ആരോപണമുണ്ട്. ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമവും വേഗത്തിലുമാക്കാനാണ് 1996ല്‍ ജലഭവനില്‍ ഐ.ടി വകുപ്പ് ആരംഭിച്ചത്. ഐ.ടി സംബന്ധമായ പ്രവൃത്തികളുടെ നിര്‍വഹണത്തിന് ഡി.ബി.എ (ഡാറ്റാ ബേസ് അഡ്മിനിസ്ട്രേഷന്‍) യൂനിറ്റും രൂപവത്കരിച്ചു. ഇവിടേക്ക് പി.എസ്.സി മുഖാന്തരം ഐ.ടി പ്രഫഷനലുകളെ നിയമിക്കാനായിരുന്നു തീരുമാനം. ഒരു വിഭാഗം ഇടപെട്ട് ഇത് അട്ടിമറിച്ചു. പിന്നീട് കരാര്‍ അടിസ്ഥാനത്തില്‍ എം.സി.എ ബിരുദമുള്ള ഐ.ടി പ്രഫഷനലുകളെ നേരിട്ട് നിയമിക്കുകയായിരുന്നു. ഐ.ടിയുമായി നേരിട്ട് ബന്ധമില്ലാത്ത സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നുള്ളവരെ ഐ.ടി വിഭാഗത്തിന്‍െറ തലപ്പത്ത് നിയോഗിക്കുകയും ചെയ്തു. ഇത് തുടരുന്നതിനിടെയാണ് ഡി.ബി.എ യൂനിറ്റിനോടുള്ള ഒരു വിഭാഗം എന്‍ജിനീയര്‍മാരുടെ അവഗണനയും നിസ്സഹകരണവും. കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരാണ് ഡി.ബി.എ യൂനിറ്റിലുള്ളതെന്നതിനാല്‍ ഇവര്‍ക്ക് കാര്യമായി ഇടപെടാനും സാധിക്കില്ല. ഇതോടെയാണ് പ്രവര്‍ത്തനങ്ങള്‍ മന്ദതയിലാവുന്നത്. ജല അതോറിറ്റിയുടെ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത് മുഖ്യമായും ഡി.ബി.എ യൂനിറ്റാണ്. ബില്ലിങ് സംവിധാനം പൂര്‍ണമായും ഓണ്‍ലൈനാണ്. ഇ-അബാക്കസാണ് ഇതില്‍ പ്രധാനപ്പെട്ടത്. ആരൊക്കെയാണ് കുടിശ്ശിക വരുത്തിയതെന്ന് കൃത്യമായി അറിയാനും ഒറ്റത്തവണ തീര്‍പ്പാക്കലിനുമൊക്കെ ഇതിലൂടെ സാധിച്ചിരുന്നു. വന്‍കിടക്കാരുടെ കുടിശ്ശികകളൊക്കെ കൈയോടെ പിടികൂടാനും കഴിഞ്ഞിരുന്നു. ശമ്പളം, പര്‍ച്ചേസുകള്‍, അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വാങ്ങലുകള്‍ എന്നിവക്കും ഡി.ബി.എ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം തയാറാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.