നേര്‍ച്ച വെടിപ്പുരയിലെ അപകടം: പൊലീസ് കേസെടുത്തു

കിളിമാനൂര്‍: പോങ്ങനാട് കീഴ്പേരൂര്‍ ചിരക്കരക്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിളിമാനൂര്‍ സി.ഐക്കാണ് ചുമതല. അപകടത്തില്‍ ഇതുവരെ രണ്ടുപേര്‍ മരിച്ചു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കിളിമാനൂര്‍ കാട്ടുംപുറം കൊല്ലുവിള ചരുവിള പുത്തന്‍വീട്ടില്‍ ശേഖരനാണ് (74) ബുധനാഴ്ച രാത്രിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പോങ്ങനാട് ചാത്തറകോണം പൊയ്കയില്‍ വീട്ടില്‍ തങ്കപ്പന്‍ (92) ചൊവ്വാഴ്ച രാത്രി മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍െറ ചെറുമകള്‍, പൊരുന്തമണ്‍ സുജി ഭവനില്‍ സുചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി ക്ഷേത്രാചാരത്തിന്‍െറ ഭാഗമായ നേര്‍ച്ചവെടി നടത്തിവരുന്നത് തങ്കപ്പനാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. ക്ഷേത്രത്തില്‍നിന്ന് 200 മീറ്ററോളം മാറിയായിരുന്നു ക്ഷേത്രവഴിപാടായ കതിനാവെടിപ്പുര (നേര്‍ച്ചവെടിപ്പുര) സ്ഥാപിച്ചിരുന്നത്. താല്‍ക്കാലികമായി ടാര്‍പ്പോളിന്‍ കൊണ്ടുണ്ടാക്കിയ ഷെഡിലാണ് വെടിപ്പുര പ്രവര്‍ത്തിച്ചിരുന്നത്. കത്തിക്കുന്നതിനിടെ കുറ്റി ചരിഞ്ഞുവീഴുകയും തീ വെടിപ്പുരയിലേക്ക് വീഴുകയുമായിരുന്നു. ഇതിനുള്ളില്‍ പത്തോളം കുറ്റികളില്‍ മരുന്ന് നിറച്ചും പുറത്ത് പേപ്പറില്‍ വെടിമരുന്നും ഉണ്ടായിരുന്നു. സുചിത്രയായിരുന്നു നേര്‍ച്ചക്കാരില്‍നിന്ന് പൈസ വാങ്ങാന്‍ ഇരുന്നത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും കിളിമാനൂര്‍ സി.ഐ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയാറായില്ല. പരേതയായ സുശീലയാണ് ശേഖരന്‍െറ ഭാര്യ. മകന്‍: ഷിബു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.