തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരാഴ്ചക്കിടെ പിടിയിലായത് മുപ്പതോളം പേര്‍. പിടികൂടിയത് രണ്ട്കോടിയിലധികം വിലവരുന്ന സ്വര്‍ണം. പിടിക്കപ്പെടുന്നവര്‍ അധികവും തമിഴ്നാട്, ശ്രീലങ്കന്‍ സ്വദേശികളാണ്. കടത്ത് സംഘങ്ങളുടെ കാരിയര്‍മാരായി സ്ത്രീകളും രംഗത്തുണ്ട്. രണ്ടുകോടിയുടെ സ്വര്‍ണം പിടികൂടിയതും രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ്. ഇതിന്‍െറ നാലിരട്ടി സ്വര്‍ണം അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഒഴുകുന്നെന്നാണ് സൂചന. വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനത്താവളം വഴി നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരാന്‍ വ്യക്തമായ നിയന്ത്രണങ്ങളുണ്ട്. ഒരുവര്‍ഷം വിദേശത്ത് താമസിച്ച പുരുഷന് 50,000 രൂപയുടെയും സ്ത്രീക്ക് ലക്ഷം രൂപയുടെയും സ്വര്‍ണമേ കൊണ്ടുവരാനാവൂ. അതും ആഭരണമായി മാത്രം. ഇതിലധികം കൊണ്ടുവരുകയാണെങ്കില്‍ ആ വിവരം കസ്റ്റംസിനെ അറിയിക്കണം. ആഭരണമാണെങ്കില്‍ 15ഉം സ്വര്‍ണക്കട്ടിയാണെങ്കില്‍ 10ഉം ശതമാനം നികുതി നല്‍കിയാല്‍ പുറത്തേക്ക് കൊണ്ടുപോകാം. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ചുകടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണമാണ് പിടികൂടുന്നത്. പിടികൂടുന്നവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടാത്തത് തുടരന്വേഷണങ്ങളെ വഴിമുട്ടിക്കുന്നു. ഒരുകോടിക്ക് താഴെ സ്വര്‍ണവുമായി പിടിക്കപ്പെടുന്നവര്‍ക്ക് ആ യൂനിറ്റില്‍നിന്നുതന്നെ ജാമ്യം കിട്ടുന്നതും പാസ്പോര്‍ട്ട് തടഞ്ഞ്വെക്കാന്‍ കസ്റ്റംസിന് അധികാരം ഇല്ലാത്തതും ഇത്തരക്കാര്‍ക്ക് സഹായകമാകുന്നു. വന്‍തുക പ്രതിഫലമായി ലഭിക്കുന്നതും പിടിക്കപ്പെട്ടാല്‍ കൂടുതല്‍ നഷ്ടം സംഭവിക്കാത്തതും കാരണം നിരവധിപേരാണ് കാരിയര്‍മാരായി രംഗത്തുവരുന്നത്. ഒരുതവണ സ്വര്‍ണം കടത്താന്‍ 25,000 രൂപയും എയര്‍ടിക്കറ്റുമാണ് കാരിയര്‍മാര്‍ക്ക് ലഭിക്കുന്നത്. ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും. വിദേശത്ത് കഴിഞ്ഞ ഒരാള്‍ക്കുമാത്രമേ നികുതി അടച്ച് സ്വര്‍ണം കൊണ്ടുവരാനാവൂ. എന്നാല്‍, സ്വര്‍ണക്കടത്ത് നടത്തുന്നവരുടെ പാസ്പോര്‍ട്ടില്‍ ആഴ്ചകള്‍പോലും വിദേശത്ത് നിന്നതായ വിവരം ഉണ്ടാകാറില്ല. എന്നാല്‍, മാസത്തില്‍ പലതവണ ഇവര്‍ വിദേശയാത്ര നടത്തിയതായി പാസ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലെ കുടിപ്പക മൂലമാണ് പലപ്പോഴും എയര്‍കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആര്‍.ഐ), കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പരിശോധന കര്‍ശനമാകുന്നതിലൂടെയാണ് കാരിയര്‍മാരെ ഇടക്കെങ്കിലും പിടികൂടുന്നത്. സ്വര്‍ണക്കടത്ത് കണ്ടത്തൊന്‍ ആധുനിക സംവിധാനങ്ങളൊന്നും കസ്റ്റംസിനില്ല. ആകെയുള്ളത് ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ മാത്രമാണ്. ഇതുവഴി ഓരോരുത്തരെയും പരിശോധിക്കാന്‍ പലപ്പോഴും കഴിയാറില്ല. അത്യാധുനിക മെറ്റല്‍ ഡിറ്റക്ടര്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി കസ്റ്റംസ് ആവശ്യപ്പെടുന്നെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല. കടത്ത് സംഘങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മുമ്പത്തെക്കാള്‍ ഇരട്ടി തുക ഇനാം പ്രഖ്യാപിച്ചെങ്കിലും സ്വര്‍ണമൊഴുക്കിന് തടയിടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.