തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങി. പരാതിയില്ലാതെ പണികള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകളും തിരക്കില്‍. ആറ്റുകാല്‍ പൊങ്കാലക്ക് മൂന്നുദിവസം അവശേഷിക്കെ വന്‍ ഭക്തജനത്തിരക്കാണ് തലസ്ഥാനനഗരിയില്‍. ശനിയാഴ്ച നടക്കുന്ന പൊങ്കാല സമര്‍പ്പണത്തിന് ദൂരസ്ഥലങ്ങളില്‍നിന്ന് നിരവധി ഭക്തരാണ് നഗരത്തില്‍ എത്തിത്തുടങ്ങിയത്. ക്ഷേത്രത്തിന് സമീപത്തായി പൊങ്കാല അര്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. നഗരത്തിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളാണ് ഇവരുടെ ആശ്രയം. ഇതോടെ ക്ഷേത്രസമീപത്തെ വീടുകള്‍ അതിഥികളെ സ്വീകരിക്കാനുള്ള അവസാന ഒരുക്കത്തിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ജില്ലക്ക് പുറത്തുനിന്നും നിരവധി ഭക്തര്‍ ബുധനാഴ്ചയോടെ എത്തും. തുടര്‍ന്ന് പലഭാഗത്തും അടുപ്പുകള്‍ നിരക്കും. ഭക്തര്‍ക്ക് ആവശ്യമായ പൊങ്കാല സാധനങ്ങളുമായി കച്ചവടക്കാര്‍ നഗരത്തില്‍ നിരന്നുകഴിഞ്ഞു. ഭക്തരുടെ ഒഴുക്ക് തുടങ്ങിയതോടെ ശക്തമായ ക്രമീകരണങ്ങളാകും സര്‍ക്കാര്‍ ഒരുക്കുക. അതേസമയം, ഉത്സവ മേഖലകളില്‍ എല്ലാ അടിസ്ഥാന സൗകര്യവും ഒരുക്കാന്‍ തീവ്രശ്രമം തുടരുകയാണ്. പരാതിയില്ലാതെ മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ പരിശ്രമിക്കുന്നു. ഓടകളുടെ ശുചീകരണം ഭൂരിഭാഗവും പൂര്‍ത്തീകരിച്ചു. ശുദ്ധജലം ലഭ്യമാക്കാനുള്ള ജല അതോറിറ്റിയുടെ പദ്ധതി ഒരു ദിവസത്തിനകം പൂര്‍ത്തിയാകും. ഇതനുസരിച്ച് 1650 ടാപ്പുകള്‍ വ്യാഴാഴ്ചയോടെ വിവിധ പോയന്‍റില്‍ സ്ഥാപിക്കും. ഐരാണിമുട്ടം, കല്ലടിമുഖം ടാങ്കുകളില്‍ ജലം ശേഖരിച്ചാണ് ജലവിതരണം. ഏറെ പരാതി ഉയര്‍ന്ന സ്വീവേജ് വകുപ്പിന്‍െറ പണികളും പുരോഗമിക്കുന്നു. സുരക്ഷ ഒരുക്കുന്നതിന്‍െറ ആദ്യഘട്ടമായ പൊലീസ് സംവിധാനവും ശക്തമാണ്. അറുന്നൂറിലധികം പൊലീസുകാരാണ് ക്ഷേത്രപരിസരത്ത് കാവല്‍ ഒരുക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. പാര്‍ക്കിങ്ങിന് ആവശ്യമായ ക്രമീകരണങ്ങളും പൊലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സന്നദ്ധ സംഘടനകളും റെസിഡന്‍റ്സ് അസോസിയേഷനുകളും വലിയ സഹായമാണ് ഭക്തര്‍ക്ക് ഒരുക്കുക. അവസാനവട്ട ക്രമീകരണങ്ങള്‍ വിശകലനം ചെയ്യാനുള്ള യോഗം ബുധനാഴ്ച ക്ഷേത്രത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.