ആറ്റിങ്ങല്‍: സ്വകാര്യ ബസുകളില്‍ വനിത കണ്ടക്ടര്‍മാരെ നിയമിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന് പദ്ധതി. ആറ്റിങ്ങല്‍ ആര്‍.ടി.ഓഫിസിന്‍െറ നേതൃത്വത്തിലാണ് പദ്ധതി രൂപവത്കരിച്ച് നടപ്പാക്കുന്നത്. വനിതദിനമായ ബുധനാഴ്ച പദ്ധതിക്ക് തുടക്കമാകും. സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ക്കെതിരെ ഉയരുന്ന പരാതികളിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ സ്ത്രീ സൗഹൃദപരമായി പൊതുഗതാഗതത്തെ മാറ്റിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് സ്ത്രീകളെ കണ്ടക്ടര്‍മാരായി നിയമിക്കുന്നത്. ബസിന്‍െറ മുന്‍വാതില്‍ നിയന്ത്രിക്കുന്നതിന് അധിക ജീവനക്കാരിയായി നിയമിക്കാനാണ് തീരുമാനം. സ്്ത്രീ യാത്രികര്‍ക്ക് സുരക്ഷിതത്വവും യാത്ര സ്ത്രീസൗഹൃദവുമാക്കാന്‍ പദ്ധതി ഉപകരിക്കും. താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സും പരിശീലനവും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റ് നല്‍കി ഡാറ്റാ ബാങ്ക് രൂപവത്കരിക്കും. ഡാറ്റാ ബാങ്കില്‍നിന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് ജീവനക്കാരെ നിയമിക്കാം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ നിര്‍ദേശം സ്വകാര്യ ബസ് ഉടമകള്‍ സ്വാഗതം ചെയ്തതോടെ പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറിയിരിക്കുകയാണ്. വനിതദിനം മുതല്‍ സ്ത്രീകള്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് നല്‍കാന്‍ ആറ്റിങ്ങല്‍ ആര്‍.ടി. ഓഫിസില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുപതിനും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷ നല്‍കാം. ഫീസ് ഒടുക്കി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ ഉച്ചക്ക് രണ്ടിനും മൂന്നിനും ഇടയില്‍ ആര്‍.ടി.ഓഫിസില്‍ കമ്പ്യൂട്ടര്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കും. ലൈസന്‍സ് കിട്ടിയവര്‍ക്ക് തൊട്ടടുത്ത ഞായറാഴ്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫസ്റ്റ് എയ്ഡ് പരിശീലനവും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ ഒരു ദിവസത്തെ പരിശീലനവും നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരുടെ ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് സ്വകാര്യ ബസ് ഉടമകള്‍ ജീവനക്കാരെ നിയമിക്കണം. ആദ്യകാലങ്ങളില്‍ സൗകര്യപ്രദമായ സമയക്രമത്തില്‍ അഡീഷനല്‍ ബാഗ് ആയി ഇവരെ നിയമിക്കാന്‍ ബസ് ഉടമകള്‍ തത്ത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. വനിതകള്‍ കണ്ടക്ടര്‍ ലൈസന്‍സിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്വകാര്യ ബസ് സര്‍വിസ് മേഖലയിലെ പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള ശ്രമമാണ് ബസ് ഉടമകളുടെ സഹായത്തോടെ ഇവിടെ യാഥാര്‍ഥ്യമാകുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ടി.ഒ. വി. സജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.