എസ്.ബി.ടി-എസ്.ബി.ഐ ലയനം കേരളത്തിന് കനത്ത പ്രഹരം –വി.എസ്

തിരുവനന്തപുരം: എസ്.ബി.ടി- എസ്.ബി.ഐ ലയനം കേരളത്തിന് കനത്ത പ്രഹരമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. ആര്‍.ബി.ഐക്ക് മുന്നില്‍ ‘ജനകീയ ബാങ്കിങ് സംരക്ഷണ കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍െറ പൊതുതാല്‍പര്യത്തിന് വിരുദ്ധമാണ് ലയനം. കേന്ദ്ര സര്‍ക്കാറാകട്ടെ, കേരളത്തിന്‍െറ ആവശ്യം ഗൗരവത്തിലെടുത്തിട്ടില്ല. ഏപ്രില്‍ ഒന്നിന് ലയനം നടപ്പാക്കുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ ദുര്‍വാശിയാണ് കാണിക്കുന്നത്. ഏതുവിധേനയും കേരളത്തെ ദ്രോഹിക്കുകയാണ് ലക്ഷ്യം. എസ്.ബി.ടിയെ അതിന്‍െറ തനിമ നിലനിര്‍ത്തി സംരക്ഷിക്കണം. നോട്ട് നിരോധനം അടിച്ചേല്‍പിച്ച പ്രതിസന്ധിയില്‍നിന്ന് ഇതുവരെ കരകയറിയിട്ടില്ല. അത് സവിശേഷമായി ബാധിച്ചത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ്. കേരളീയ ജീവിതവുമായി വൈകാരികബന്ധം എസ്.ബി.ടിക്കുണ്ട്. അതു പെട്ടെന്ന് മുറിച്ചുമാറ്റാന്‍ കഴിയില്ല.‘ഒരു പേരില്‍ എന്തിരിക്കുന്നു’ എന്നു ചോദിച്ചത് വില്യം ഷേക്സ്പിയറാണ്. എന്നാല്‍ പേരില്‍ പലതും ഉണ്ടെന്നതാണ് സത്യം. നമ്മുടെ പേരിന്‍െറ ഇനിഷ്യല്‍ ഒന്നു മാറുകയോ പേരില്‍ത്തന്നെ ഒരക്ഷരം മാറുകയോ ചെയ്താല്‍ വിഷമം എത്രയായിരിക്കും? അപ്പോള്‍ പിന്നെ പേരുതന്നെ മാറിയാലോ? ഇത് ചെറിയ കാര്യമല്ല. എസ്.ബി.ടിയുടെ പേര് മാറുന്നതിലൂടെ വലിയൊരു ചരിത്രവും പാരമ്പര്യവുമാണ് മായ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ പോരാട്ടങ്ങളുടെ നടുവിലാണ് ജീവനക്കാരെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണ, മാത്യു, വര്‍ഗീസ്, മാത്യുജോണ്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.