നെല്ലിയാമ്പതിയിലെ വനം കൈയേറ്റം: വകുപ്പ് തലവ‍െൻറ നിർദേശം ഡി.എഫ്.ഒയും റേഞ്ച് ഓഫിസറും ചേർന്ന് അട്ടിമറിച്ചു

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ വനഭൂമിയിൽ റോഡ് നിർമിച്ചതിൽ വനംകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റേറ്റ് ഉടമക്കൊപ്പമെന്ന് ആേക്ഷപം. ഇക്കാര്യത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും രണ്ടുദിവസത്തിനകം നിർമാണം നടത്തിയ മണ്ണുമാന്തി യന്ത്രങ്ങൾ കണ്ടെത്തി ഹാജരാക്കാനും വനംവകുപ്പ് തലവൻ ഡോ. എസ്.സി. ജോഷി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും തുടർനടപടികൾ ദുർബലമായി. 18 പേരെ അറസ്റ്റ് ചെയ്ത് നിസ്സാരകുറ്റം ചുമത്തി വിട്ടയച്ചു. റോഡ് നിർമാണത്തിന് ഉപയോഗിച്ച് എക്സ്കവേറ്റർ പിടിച്ചെടുക്കണമെന്ന നിർദേശവും ഡി.എഫ്.ഒയും റേഞ്ച് ഓഫിസറും ചേർന്ന് അട്ടിമറിച്ചു. സംഭവസ്ഥലം സന്ദർശിച്ച വകുപ്പ് തലവൻ നിയമലംഘനം നടന്നതായി തിരിച്ചറിഞ്ഞതിനാൽ വനഭൂമി കൈയേറി റോഡ് നിർമിച്ച ഭാഗത്ത് ദിവസങ്ങൾക്കുള്ളിൽതന്നെ സർവേ പൂർത്തിയാക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനായി നിയോഗിച്ചതാകട്ടെ ഡി.എഫ്.ഒക്ക് താൽപര്യമുള്ള സർവേ സംഘത്തെയാണ്. സർവേ സംഘം ഫീൽഡ്തല പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് അടുത്തദിവസം ഡി.എഫ്.ഒക്ക് കൈമാറും. വനഭൂമിയിൽ നാമമാത്ര കൈയേറ്റം മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് കൊല്ലങ്കോട് റേഞ്ച് ഓഫിസറുടെ അഭിപ്രായം. അതേസമയം വനഭൂമി കൈയേറിയിട്ടില്ല എന്നാണ് നെന്മാറ ഡി.എഫ്.ഒ പറയുന്നത്. അനുമതിയില്ലാതെ വനഭൂമിയിൽനിന്ന് ലേശം മണ്ണ് വെട്ടിയെടുത്ത് റോഡ് വീതി കൂട്ടിയതിനാണ് കേസ് എടുത്തത്. എന്നാൽ, വനം കൈയേറി റോഡ് നിർമിച്ചത് സർവേയിൽ മൂടിവെക്കാൻ കഴിയില്ലെന്നാണ് പേരുവെളിപ്പെടുത്താൻ വിസമ്മതിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. 30 സ​െൻറിലധികം വനഭൂമി കൈയേറിയതായി ഇവർ വ്യക്തമാക്കുന്നു. ആനമട എസ്റ്റേറ്റ് അതിർത്തി മുതൽ പെരിയച്ചോലവരെയുള്ള ഭാഗത്താണ് റോഡ് വീതികൂട്ടിയത്. ഇതിൽ നാല് കിലോമീറ്ററോളം പൂർണമായി വനഭൂമിയാണ്. അതിനുശേഷം ഒരുഭാഗത്ത് സ്വകാര്യഭൂമിയും മറുഭാഗത്ത് വനഭൂമിയുമാണ്. സ്വകാര്യഭൂമിയിൽ റിസോർട്ട് നിർമാണത്തിനുള്ള നീക്കം നടക്കുന്നതായി ചില ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. അതേസമയം പെരിയചോല എസ്റ്റേറ്റ് ഉടമ സഹായം തേടി വനംവകുപ്പ് ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതോടെ തുടരന്വേഷണം അട്ടിമറിക്കപ്പെടുമെന്നുറപ്പായി. വനഭൂമി തർക്കഭൂമിയാക്കി ലഘൂകരിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.