വിഴിഞ്ഞം: പൂവാലശല്യത്തിനെതിരെ വിഴിഞ്ഞം പൊലീസ് നടപടി തുടങ്ങി. കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ ഏഴ് പൂവാലന്മാരും മൂന്നു ബൈക്കുകളും പിടിയിലായി. വെങ്ങാനൂർ, ചാവടിനട സ്കൂളുകൾ കേന്ദ്രീകരിച്ച് പൂവാലശല്യം വർധിക്കുന്നതായി വിദ്യാർഥിനികളും രക്ഷിതാക്കളും പരാതി നൽകിയിരുന്നു. സ്കൂൾ വിടുന്ന സമയം ബൈക്കുകളിൽ സംഘം ചേർന്നെത്തിയാണ് വിദ്യാർഥിനികളെ ശല്യംചെയ്തിരുന്നത്. ബസ്സ്റ്റോപ്പുകളിൽ പൊലീസിനെ നിയോഗിക്കാറുണ്ടെങ്കിലും ഇവരുടെ കണ്ണിൽപെടാതെയാണ് പൂവാലന്മാർ നിൽക്കുന്നത്. ബൈക്കുകളിൽ ഹെൽമറ്റ് ധരിക്കാതെ എത്തുന്ന സംഘം റോഡിലൂടെ പലതവണ ചീറിപ്പായുകയാണ്. പൂവാലന്മാർക്കിടയിൽ മയക്കുമരുന്നു ലോബി പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി പദാർഥങ്ങൾ വിൽക്കുന്നതായും പരാതികൾ ഉണ്ട്. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ വാഹനമോടിക്കുന്നവരുടെ വാഹനം പിടികൂടി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം എസ്.ഐ പി. രതീഷ് അറിയിച്ചു. ബസുകളിലെ ഇവരുടെ ശല്യം കുറയ്ക്കുന്നതിന് മഫ്തിയിൽ പൊലീസ് ഉണ്ടാകും. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.