ജില്ല ആശുപത്രിയിൽ ആധുനിക എം.ആർ.​െഎ സ്​കാൻ യന്ത്രമെത്തി

കൊല്ലം: ജില്ല ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് ഫണ്ട് ചെലവിട്ട് വാങ്ങിയ 11.5 കോടിയുടെ എം.ആര്‍.ഐ സ്‌കാന്‍ യന്ത്രം എത്തി. ജര്‍മനിയില്‍നിന്നുള്ള സീമെന്‍സ് കമ്പനിയുടെ യന്ത്രം ചൊവ്വാഴ്ചയാണ് എത്തിയത്. കുട്ടികളുടെ വാർഡിന് സമീപത്തെ പുതിയകെട്ടിടത്തിലാണ് സ്‌കാനിങ് യൂനിറ്റ് സ്ഥാപിക്കുന്നത്. ലോറിയില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്ത യന്ത്രം കെട്ടിടത്തി​െൻറ ഭിത്തിപൊളിച്ചാണ് ഉള്ളിലേക്ക് കടത്തിയത്. താഴത്തെ നിലയിലാണ് സ്‌കാന്‍ യൂനിറ്റ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ജില്ല ആശുപത്രിയില്‍ എം.ആര്‍.ഐ സ്കാൻ സൗകര്യമൊരുക്കുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ യന്ത്രം പ്രവര്‍ത്തനസജ്ജമാക്കാന്‍ ഒരുമാസമെടുക്കും. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ മുഖേനയാണ് യന്ത്രം വാങ്ങിയത്. മൂന്നുവര്‍ഷം വാറൻറിയുണ്ട്. യൂനിറ്റില്‍ വൈദ്യുതി തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി മുടങ്ങിയാല്‍ യന്ത്രത്തിലെ ലിക്വിഡ് ഹീലിയം ബാഷ്പീകരിക്കപ്പെടും. ഹീലിയം നിറയ്ക്കുന്നതിന് 50 ലക്ഷമാണ് ചുരുങ്ങിയ ചെലവ്. യു.പി.എസിനു പുറമേ ജനറേറ്ററുമുണ്ട്. അയ്യായിരം രൂപ മുതല്‍ 13,000 രൂപ വരെയാണ് പുറത്ത് എം.ആര്‍.ഐ സ്‌കാനിങ്ങിന് ചെലവ്. ജില്ലയിലെ സാധാരണക്കാരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്‌കാനിങ് നടത്താന്‍ ഇവിടെ സൗകര്യമൊരുക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍, സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ ആശുപത്രി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.