രാജ്യത്ത് ഫാഷിസ്റ്റ് ഭരണം കൊണ്ടുവരാൻ ബി.ജെ.പി നീക്കം-കോടിയേരി തിരുവനന്തപുരം: ആർ.എസ്.എസ് നേതാവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിലൂടെ ഫാഷിസ്റ്റ് ഭരണം രാജ്യത്ത് കൊണ്ടുവരാനുള്ള ബി.ജെ.പി നീക്കം വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാർ ഭീകരതയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ജനാധിപത്യം അട്ടിമറിച്ച് പ്രസിഡൻഷ്യൽ ഭരണം നടപ്പാക്കാനുള്ള മോദിയുടെ തീരുമാനത്തിന് ഒപ്പ് ചാർത്താനാണ് ആർ.എസ്.എസുകാരനെ രാഷ്ട്രപതിയാക്കുന്നത്. ഭീകരമായ നാളുകളാണ് ഇനി രാജ്യത്ത്് വരാൻ പോകുന്നത്. ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. എൻ. ബാബു രചിച്ച 'ഡോൺ വീണ്ടും ശാന്തമായി ഒഴുകുന്നു'എന്ന പുസ്തകത്തിെൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു കോടിയേരി. സി.പി.എം ഉൾപ്പെടെ വിവിധ കക്ഷികളുമായി ചർച്ചക്കെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവരോട് രാഷ്ട്രപതി സ്ഥാനാർഥി ആരെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് മറുപടി പറഞ്ഞത്. ബി.ജെ.പി നേതാക്കൾപോലും അറിയാതെയാണ് ആർ.എസ്.എസ് നേതാവിനെ സ്ഥാനാർഥിയാക്കിയതെന്നതിന് ഇത് തെളിവാണ്. അദ്ദേഹം ജയിച്ചാൽ ആദ്യമായി ആർ.എസ്.എസുകാരൻ രാഷ്ട്രപതിയാകും. മതത്തെ രാഷ്ട്രീയ ലാഭത്തിന് ദുരുപയോഗിക്കുന്നത് കൂടിവരുകയാണ്. നേരത്തെ രാമജന്മഭൂമി വിഷയം ഉയർത്തി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു. ഇപ്പോൾ പശുവിെൻറ പേരുപറഞ്ഞാണ് ജനങ്ങളുടെ വികാരം ചൂഷണം ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ചെറിയാൻ ഫിലിപ് അധ്യക്ഷനായിരുന്നു. പ്രഫ. രാമൻപിള്ള സ്വാഗതവും ഷാജി ശർമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.