സ്​റ്റേഷൻ ഡ്യൂട്ടി ചെയ്യാൻ വനിത പൊലീസുകാർക്ക് മടി; സംസ്ഥാനത്ത് സ്ത്രീസുരക്ഷ പദ്ധതികൾ പാളുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോൾ ക്രമസമാധാന ഡ്യൂട്ടിക്ക് ആവശ്യത്തിന് വനിത പൊലീസുകാരില്ലാതെ ആഭ്യന്തരവകുപ്പ് വലയുന്നു. ജീവനക്കാരിൽ നല്ലൊരു ശതമാനവും ഉന്നത രാഷ്ട്രീയ-പൊലീസ് ഇടപെടലി​െൻറ ഭാഗമായി സ്പെഷൽ യൂനിറ്റ് ഓഫിസുകളിൽ തമ്പടിച്ചതോടെ സ്ത്രീസുരക്ഷക്കായി സർക്കാർ ആവിഷ്കരിച്ച പലപദ്ധതികളും പാതിവഴിയിലാണ്. സംസ്ഥാനത്ത് ആകെ 3724 വനിത പൊലീസുകാരാണുള്ളത്. ഇവരിൽ ഭൂരിഭാഗംപേരും വിവിധ യൂനിറ്റ് ഓഫിസുകളിലാണ് പ്രവർത്തിക്കുന്നത്. യൂനിഫോം ധരിക്കാതെ ജോലിചെയ്യാം, അന്വേഷണത്തിനും മറ്റുമായി പുറത്ത് പോകണ്ട, പൊരിവെയിലത്ത് നിന്ന് ട്രാഫിക് ഡ്യൂട്ടി ചെയ്യണ്ട, അവധിദിവസങ്ങളിൽ ഓഫിസിൽ ഹാജരാകേണ്ടതില്ല തുടങ്ങിയവയാണ് ഒാഫിസ് ജോലിയുടെ ആകർഷണം. ഇത്തരത്തിൽ ജോലിയിൽ പ്രവേശിച്ച് 15 വർഷമായിട്ടും സ്റ്റേഷൻ ജോലിനോക്കാത്ത വനിത പൊലീസുകാർ സംസ്ഥാനത്തുണ്ട്. പൊലീസ് ആസ്ഥാനത്ത് തന്നെ പതിനഞ്ചോളം വനിത പൊലീസുകാരാണ് ഒരുഉത്തരവുമില്ലാതെ വർക്കിങ് അറേഞ്ച് വ്യവസ്ഥയിൽ ജോലിചെയ്യുന്നത്. ഓഫിസ് റിസപ്ഷൻ, ഡി.ജി.പിയുടെ ഓഫിസ് റിസപ്ഷൻ, ഇൻഫർമേഷൻ സ​െൻറർ, പരാതി സെൽ, ഹൈട്ടെക് സെൽ എന്നിവിടങ്ങളിലാണ് ഡബ്ല്യു.പി.ഒ മാരുടെ ജോലി. സംസ്ഥാന വനിത സെല്ലിൽ മാത്രം ഡബ്ല്യു.സി.പി.ഒ, എസ്.ഡബ്ല്യു.സി.പി.ഒ തസ്തികകളിലായി 32 പേരാണ് ജോലിനോക്കുന്നത്. ആൻറി പൈറസി സെല്ലിലും ഉണ്ട് 20 വനിത ജീവനക്കാർ. പൊലീസ് നിയമനം ലഭിക്കുന്ന ഏത്വ്യക്തിയും ആദ്യം സ്റ്റേഷൻ ഡ്യൂട്ടി ചെയ്യണമെന്നാണ് ചട്ടം. എന്നാൽ അവസാനം പരിശീലനം പൂർത്തിയാക്കി ഇറങ്ങിയ വനിത ബറ്റാലിയനിലെ 40 പേർക്ക് വിജിലൻസിലാണ് നിയമനം നൽകിയത്. പിങ്ക് പൊലീസ് സംവിധാനം പോലും മതിയായ ജീവനക്കാരില്ലാതെ നട്ടംതിരിയുകയാണ്. സർക്കാറി​െൻറ ആദ്യ 11 മാസത്തിനിടയിൽ മാത്രം സ്ത്രീകൾക്കെതിരെ 13005 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 91 കൊലപാതകങ്ങളും 5331 ബലാത്സംഗ പീഡനക്കേസുകളുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത്. ഈ കേസുകളിൽ 12651 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇനിയും 4618 പേരെ പിടികിട്ടാനുണ്ട്. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.