പുഴുവരിച്ച്​ ഉണക്കമീൻ, വിഷലായനിയിൽ മത്സ്യം, പഴകിയ ഇറച്ചി, പാൽ​ കഴിച്ചാൽ രോഗമുറപ്പ്​

ചിത്രം പിടിച്ചെടുത്ത മത്സ്യങ്ങൾ തീയിട്ട് നശിപ്പിക്കുന്നു കാട്ടാക്കടയിലെ ഹോട്ടലിൽനിന്ന് കണ്ടെത്തിയ പഴകിയ ഭക്ഷണപദാർഥങ്ങൾ കാട്ടാക്കട: പുഴുവരിച്ച വർഷങ്ങൾ പഴക്കമുള്ള ഉണക്കമീൻ, വിഷലായനിയിൽ സൂക്ഷിച്ച മാസങ്ങളോളം പഴക്കമുള്ള മത്സ്യം, പഴകിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ... പൂവച്ചൽ പഞ്ചായത്തും -ആരോഗ്യവകുപ്പ് അധികൃതരും സംയുക്തമായി കാട്ടാക്കട പൊതുമാർക്കറ്റിലും ചന്ത ജങ്ഷനിലും ശനിയാഴ്ച നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതാണ് ഇവയെല്ലാം. അൽപം പോലും ഭക്ഷ്യയോഗ്യമല്ലാതെയാണ് ഉണക്കമീനും പച്ചമീനും കണ്ടെത്തിയത്. 1500 കിലോ ഉണക്കമീൻ, ആയിരം കിലോയോളം വിവിധ മത്സ്യങ്ങൾ എന്നിവയാണ് ചന്തയിൽനിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചത്. ചന്ത ജങ്ഷനിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടലുകളിൽനിന്ന് മാസങ്ങളോളം പഴക്കമുള്ള ഭക്ഷണസാധനങ്ങളും കവർ പാലുകളും കണ്ടെടുത്തു. മൂന്നു ഹോട്ടലുകൾ അടച്ചുപൂട്ടിച്ചു. പൂവച്ചൽ, കാട്ടാക്കട പഞ്ചായത്ത് നിവാസികളിൽ അലർജിയും വയറിളക്കവും പിടിപെട്ട് വീരണകാവ്, കാട്ടാക്കട സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം അടുത്തിടെ ക്രമാതീതമായി ഉയർന്നിരുന്നു. തുടർന്ന് മെഡിക്കൽ സംഘം രോഗികളിൽനിന്ന് ആഹാരത്തി​െൻറ വിവരങ്ങൾ ചോദിച്ചപ്പോൾ മത്സ്യത്തിൽനിന്നാണ് പടരുന്നതെന്ന നിഗമനത്തിലെത്തിച്ചേർന്നിരുന്നു. തുടർന്നാണ് നടപടി ശക്തമാക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പും തീരുമാനിച്ചത്. സംഭരണകേന്ദ്രങ്ങളിൽനിന്ന് ഉണക്കമീൻ പുറത്തെടുത്തപ്പോൾ ദുർഗന്ധമായിരുന്നു. പുഴക്കൾ നിറഞ്ഞ ഇവ വിൽപനയുടെ തലേദിവസം വെയിലത്ത് ഉണക്കുകയാണത്രെ പതിവ്. മാരക വിഷലായനിയായിരുന്നു മത്സ്യം സൂക്ഷിക്കാൻ ഉപയോഗിച്ചത്. മാസങ്ങളോളം പഴക്കമുള്ള മാട്ടിറച്ചിയും കോഴിയിറച്ചിയും ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്തവയിൽപെടും. അരിഞ്ഞ് പാത്രത്തിൽ സൂക്ഷിച്ച കോളിഫ്ലവറിൽ പുഴക്കളും പല്ലിമുട്ടയും വരെ ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മണികണ്ഠൻ, ഹെൽത്ത് ഇൻസ്പെക്ടർ സത്യൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോണി ജോസ്, ശ്രീകുമാർ, പഞ്ചായത്തംഗം ജി.ഒ. ഷാജി, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നാല് മാസം മുമ്പ് കാട്ടാക്കട ജങ്ഷനിൽ പുഴുവരിച്ച മത്സ്യങ്ങൾ സൂക്ഷിച്ച കേന്ദ്രം നാട്ടുകാർ കണ്ടെത്തി ഭക്ഷ്യസുരക്ഷാവിഭാഗത്തെ അറിയിച്ചിരുന്നു. യന്ത്രപരിശോധന സംവിധാനത്തോടുകൂടി വീണ്ടും പരിശോധനകൾ തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.