തിരുവനന്തപുരം: പകർച്ചപ്പനി സേവനസംവിധാനങ്ങൾ 24 മണിക്കൂറും കർശനമാക്കി ആരോഗ്യവകുപ്പ് നടപടി. പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണപ്രവർത്തനങ്ങളും ശക്തമാക്കുന്നതിന് നടപടി ആരംഭിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജോസ് ജി. ഡിക്രൂസ് അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് മുകളിലുള്ള ആശുപത്രികളിൽ പ്രത്യേക പനിവാർഡും പനി ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകുന്നത്. സ്വകാര്യ ആശുപത്രികളെയും ഇതിെൻറ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ദിനംപ്രതി പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. ലാബുകൾ 24 മണിക്കൂറും പ്രവർത്തിക്കും. കൂടുതൽ ജീവനക്കാരുടെ സാന്നിധ്യം ആവശ്യമായ സാഹചര്യത്തിൽ അവധികൾ റദ്ദാക്കി ജോലിക്ക് ഹാജരാകുന്നതിനും നിർദേശം നൽകി. ഒപ്പം പരിശീലനപരിപാടികൾ നിർത്തിവെച്ച് പൂർണസമയവും പകർച്ചവ്യാധി നിയന്ത്രണപ്രർത്തനങ്ങളിൽ ഏർപ്പെടണമെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ആശുപത്രികളിൽ ഉച്ചക്കുശേഷം കൂടുതൽ ഡോക്ടർമാരെ നിയമിക്കും. പനി ഏറ്റവും കൂടുതൽ ബാധിച്ച കോർപറേഷനിലെ 100 വാർഡുകളിലും കുടുംബശ്രീ, കോർപറേഷൻ ആരോഗ്യവിഭാഗം, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഓരോ 25 വീടിനും ഒരു സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ ടീം രൂപവത്കരിച്ച് 24ന് വീടുകൾ തോറും പരിശോധന നടത്തും. കൊതുകുവളർച്ച തടയുന്നതിന് നടപടി സ്വീകരിക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൂടുതൽ ഫോഗിങ് നടത്തുന്നതിനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. രക്തത്തിെൻറ ലഭ്യതയിൽ ആശങ്കവേണ്ട -ഡി.എം.ഒ തിരുവനന്തപുരം: രക്തത്തിെൻറ ലഭ്യതയിൽ ആശങ്ക വേണ്ട. മൂന്നു ദിവസത്തിലധികം പഴക്കമുള്ള പ്ലേറ്റ്ലെറ്റുകൾ ഉപയോഗിക്കാനാവാത്ത സാഹചര്യത്തിലാണ് ബ്ലഡ്ബാങ്കുകളിൽ കൂടുതൽ രക്തം ശേഖരിക്കാത്തത്. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവരുടെ സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം മാത്രമേ ഇപ്പോൾ രക്തം ശേഖരിക്കുന്നുള്ളൂവെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.