കേരളബാങ്കിനോടുള്ള എതിർപ്പിൽ മാറ്റമില്ല- യു.ഡി.എഫ് തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കുന്ന കേരള ബാങ്കിനോട് യു.ഡി.എഫിനുള്ള എതിര്‍പ്പില്‍ പുനര്‍വിചിന്തനം ഉണ്ടായെന്നതരത്തിലുള്ള വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട നിർദേശം യു.ഡി.എഫ് എതിർത്തതാണ്. ബാങ്ക് രൂപവത്കരണത്തിന് നിയോഗിച്ച ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് എന്താണെന്ന് ജനങ്ങൾക്ക് ഇപ്പോഴും അറിയില്ല. കമ്മിറ്റി തെളിവെടുപ്പില്‍ കേരളത്തിലെ സഹകാരികള്‍ ഒന്നടങ്കം ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. 14 ജില്ല സഹകരണബാങ്കുകളും കേരളത്തിലെ സഹകരണമേഖലയുടെ നട്ടെല്ലാണ്. പലതരം പഠനങ്ങളിലും ജില്ല ബാങ്കുകൾ തുടരണമെന്നാണ് ബോധ്യപ്പെട്ടത്. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിച്ചപ്പോള്‍ ഉണ്ടായ വിടവ് നികത്താന്‍ സര്‍ക്കാറിന് ആവശ്യമെങ്കില്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാറ്റൊരു വാണിജ്യബാങ്ക് ആരംഭിക്കാം. അതിന് പകരം രാഷ്ട്രീയലക്ഷ്യത്തോടെ ജില്ലബാങ്ക് സമ്പ്രദായം അവസാനിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.