ആറ്റിങ്ങല്‍: പനി ബാധിതരാല്‍ ആശുപത്രികള്‍ നിറയുന്നു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഒ.പി രജിസ്‌ട്രേഷന്‍ മൂന്നിരട്ടിയായി വർധിച്ചു. പ്രതിദിനം അറുന്നൂറോളം രോഗികളാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയെ ആശ്രയിച്ചിരുന്നത്. പനി പടര്‍ന്നതോടെ ഒ.പി രജിസ്‌ട്രേഷന്‍ 1800 വരെയായി. മഴയാരംഭിച്ചതോടെ പകര്‍ച്ചപ്പനി കൂടി. വരുന്നവരില്‍ ഭൂരിഭാഗവും കിടത്തിച്ചികിത്സ ആവശ്യമായ രോഗികളാണ്. എന്നാല്‍ സ്ഥല സൗകര്യം താലൂക്ക് ആശുപത്രിയിൽ കുറവാണ്. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമാണ് കിടത്തി ചികിത്സിക്കുന്നത്. മറ്റു രോഗികളെ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി വീടുകളിലേക്ക് അയക്കുകയാണ്. പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികള്‍ പ്രത്യേക നിരീക്ഷണത്തിലുണ്ട്. ഭൂരിഭാഗം പേരും പകര്‍ച്ചപ്പനിയുമായാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. പുലര്‍ച്ച മുതല്‍ ആശുപത്രി വരാന്തകള്‍ രോഗികളാല്‍ നിറയുകയാണ്. ഏഴോടെ തന്നെ ഒ.പി ബ്ലോക്കിന് മുന്നില്‍ നീണ്ട ക്യൂ രൂപപ്പെടും. വൈകുന്നേരമായാലും ഡോക്ടര്‍മാരുടെ കാബിന് മുന്നിലെ ക്യൂ അവസാനിക്കാറില്ല. ഡ്യൂട്ടി സമയം കഴിഞ്ഞും ഏറെ വൈകിയാണ് ഡോക്ടര്‍മാര്‍ ആശുപത്രി വിടുന്നത്. ഫാര്‍മസി, ലാബുകള്‍ക്ക് മുന്നിലും വൈകുന്നേരം വരെ ക്യൂവാണ്. 23 ഡോക്ടര്‍മാരുടെ തസ്തികയാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലുള്ളത്. ഇതില്‍ നാല് പേരുടെ കുറവുണ്ട്. രണ്ട് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയിലാണ്. പകര്‍ച്ചപ്പനി വ്യാപകമായതിനാൽ അടിയന്തരമായി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ക്കും വിവിധ സംഘടനകള്‍ രൂപം നല്‍കുന്നുണ്ട്. പനിയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിക്കാത്തതിനാലാണ് ഭൂരിഭാഗം പേരും അപകടകരമായ അവസ്ഥയിലെത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. തീരദേശ മേഖലയില്‍നിന്ന് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്കയോടെയാണ് കാണുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ശുചിത്വ സംവിധാനങ്ങളുടെ അപര്യാപ്തതയും വെള്ളക്കെട്ടും മേഖലയിലെ ആരോഗ്യഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും രോഗികൾ നിറഞ്ഞ അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.