ബാലരാമപുരം: പഞ്ചായത്തിൽ െഡങ്കിപ്പനിക്കാരുടെ എണ്ണം വർധിക്കുന്നു. ദിവസവും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളുടെ എണ്ണം 500 കടന്നിട്ടും ആവശ്യത്തിന് ഡോക്ടർമാരോ മരുന്നോ ഇല്ലെന്ന പരാതി ശക്തമായി. ആവശ്യത്തിന് കിടക്കയില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കിടക്കയില്ലാത്തത് കാരണം നിലത്താണ് പലരും കിടക്കുന്നത്. സൗകര്യമുണ്ടായിട്ടും കിടക്കയില്ലാത്തതാണ് പ്രശ്നം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസം ബാലരാമപുരം പഞ്ചായത്ത് പ്രദേശത്തുനിന്ന് റിപ്പോർട്ട് ചെയ്തത് ഒമ്പത് െഡങ്കിപ്പനിയാണെങ്കിൽ മേയ് മാസത്തിൽ അത് 29 ആയി ഉയർന്നു. ജൂണിലെ ആദ്യ മൂന്ന് ദിവസം എട്ട് െഡങ്കിപ്പനി റിപ്പോർട്ട് കഴിഞ്ഞു. ഈ മാസം ആദ്യം ഒരു എലിപ്പനി കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ആർ.സി തെരുവ് സ്വദേശിക്കാണ് എലിപ്പനി ബാധിച്ചത്. തൊട്ടടുത്ത പള്ളിച്ചൽ പഞ്ചായത്തിലാകട്ടെ ഈ മാസം മൂന്നു ദിവസംകൊണ്ട് 16 െഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചപ്പനി ക്രമാതീതമായി പടരുമ്പോഴും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സൗകര്യങ്ങൾ അപര്യാപ്തമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്ന് സ്ഥിരംഡോക്ടർമാരും രണ്ട് എൻ.ആർ.എച്ച്.എം ഡോക്ടർമാരുമടക്കം അഞ്ച് ഡോക്ടർമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്നു പേർ മാത്രമാണുള്ളത്. സ്ഥിരംഡോക്ടർമാരിൽ ഒരാൾ ഉന്നത പഠനത്തിനായി ലീവിൽ പോകുകയും എൻ.ആർ.എച്ച്.എമ്മിലെ ഒരു ഡോക്ടർ പനി പിടിച്ച് കിടപ്പിലായതോടെയുമാണ് പ്രതിസന്ധിയുണ്ടായത്. കിടത്തി ചികിത്സാവിഭാഗത്തിലെ 10 കിടക്കകളാണ് ആകെയുള്ളത്. രാത്രി എട്ട് കഴിഞ്ഞാൽ രാവിലെ എട്ട് വരെ ഡോക്ടർ ഇല്ലാത്തത് കിടത്തി ചികിത്സാവിഭാഗത്തിലെ രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ദിവസവും 500ൽ അധികം രോഗികൾ എത്തുന്നെങ്കിലും ആവശ്യത്തിന് മരുന്നുമില്ല. പ്രാഥമികാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിട്ടുള്ള മരുന്നുകൾ മുടക്കമില്ലാതെ ലഭിക്കുെന്നങ്കിലും സമീപ പഞ്ചായത്തുകളായ പള്ളിച്ചൽ, മാറനല്ലൂർ, മലയിൻകീഴ്, കല്ലിയൂർ, വെങ്ങാനൂർ എന്നിവിടങ്ങളിൽനിന്ന് ഇവിടെ രോഗികൾ എത്തുന്നതാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. മറ്റ് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഉച്ചവരെ മാത്രമേ ഒ.പി ഉള്ളൂ. ഇക്കാരണത്താലാണ് രോഗികളുടെ എണ്ണം ഇവിടെ വർധിക്കുന്നത്. രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും ആവശ്യത്തിന് മരുന്നുകൾ എത്തിക്കുകയും ചെയ്യണമെന്ന് യുവജനതാദൾ(എസ്) ജില്ല സെക്രട്ടറി ബാലരാമപുരം സുബ്ബയ്യൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.