കിളിമാനൂർ: ഗ്രാമീണമേഖലയിലേക്കുള്ള നിരവധി ജനപ്രിയ സർവിസുകൾ കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചു. നിത്യേനയുള്ള വരുമാനത്തിലെ കുറവാണ് കാരണമെന്ന് അധികൃതർ. അതേസമയം, ചില സ്വകാര്യ ബസ് മാനേജ്മെൻറുകളുമായുള്ള ഒത്തുകളിയാണ് ഇതിെൻറ പിന്നിലെന്നാരോപിച്ച് കിളിമാനൂർ ഡിപ്പോയിൽ ഗതാഗതം തടയൽ, ഉപരോധം അടക്കമുള്ള സമരപരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. കൊല്ലം പാരിപ്പള്ളി, തിരുവനന്തപുരം ജില്ല അതിർത്തിയായ പകൽക്കുറി, പള്ളിക്കൽ, മടവൂർ, തുമ്പോട്, തകരപ്പറമ്പ് മേഖലയിലാണ് നാട്ടുകാർ യാത്രാദുരിതത്തിലായത്. നിരവധി സർവിസുകൾ മൂന്നുമാസത്തിനിെട നിർത്തലാക്കി. 40 വർഷമായി കിളിമാനൂർ ഡിപ്പോയിൽനിന്ന് സർവിസ് നടത്തിവന്നിരുന്ന കിളിമാനൂർ -പള്ളിക്കൽ -പാരിപ്പള്ളി- കൊല്ലം ബസാണ് നിർത്തലാക്കിയവയിൽ പ്രധാനം. നേരത്തെ 93 സർവിസുകളാണ് കിളിമാനൂർ ഡിപ്പോയിൽ നിന്നുമുണ്ടായിരുന്നത്. അത് 70 ആയി കുറഞ്ഞു. നേരത്തെ സർവിസ് നടത്തിയിരുന്ന ഒമ്പത് ജനുറം ബസുകളിൽ ആറ് എണ്ണവും ഇപ്പോൾ കട്ടപ്പുറത്താണ്. മറ്റ് സർവിസുകളിൽ 12 ബസുകൾ കഴിഞ്ഞ ആറുമാസത്തിനിടെ സർവിസ് കാലാവധി കഴിഞ്ഞു. ഇവക്ക് പകരമായി പുതിയ ബസുകൾ ആവശ്യപ്പെടാനോ നേടിയെടുക്കാനോ ബന്ധപ്പെട്ടവർ ഇതുവരെയും ശ്രമിച്ചിട്ടില്ല. 15 ഫാസ്റ്റ്, നെടുമങ്ങാട്-ആറ്റിങ്ങൽ മേഖലകളിലേക്ക് 16 ചെയിൻ സർവിസ്, എട്ട് സ്റ്റേ സർവിസുകൾ, 30 ഓർഡിനറി, ഒരു സിംഗിൾ ഡ്യൂട്ടി അടക്കം 70 സർവിസുകൾ മാത്രമാണ് ഇപ്പോളുള്ളത്. ഇവയിൽ പലപ്പോഴും സ്റ്റേ ബസുകൾ സർവിസ് നടത്താറില്ലെന്നും ആരോപണമുണ്ട്. അതേസമയം എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചെന്നും കലക്ഷൻ തീരെ കുറവായ ഡി വിഭാഗം വണ്ടികളാണ് നിർത്തലാക്കിയതെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. ഒന്നാംവിഭാഗത്തിൽ, കിളിമാനൂർ -കല്ലറ- പാലുപള്ളി റൂട്ടിലോടുന്ന ഒരു ഓർഡിനറി ബസ് മാത്രമേ ഉള്ളൂ. യഥാസമയം സ്പെയർ പാർട്സുകൾ വാങ്ങിനൽകാത്തതാണ് കട്ടപ്പുറത്തായ വാഹനങ്ങൾ പുറത്തിറക്കാൻ കാലതാമസമുണ്ടായത്. സ്പെയർ പാർട്സ് സംബന്ധമായി നേരത്തെയും ഡിപ്പോയിൽ നിരവധി വിഷയങ്ങൾ അരങ്ങേറിയിട്ടുണ്ട്. ഗ്രാമീണ റൂട്ടുകളിലെ സർവിസുകൾ വെട്ടിക്കുറക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.