തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിൽ എൻജിനീയറിങ് വിഭാഗം ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് തയാറാക്കിയ പട്ടിക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം നടപ്പാക്കിയില്ല. പുതിയ സർക്കാർ വന്നതോടെ ആ ലിസ്റ്റ് മരവിപ്പിച്ചു. പിന്നീട് ചില സ്വാധീനങ്ങളുടെ പുറത്ത് കുറച്ചുപേർക്ക് സ്ഥലംമാറ്റം നൽകിയത്രേ. ഇതോടെ അർഹരായ പലരും സ്ഥലംമാറ്റം കിട്ടാതെ ദുരിതത്തിലായി. സ്കൂളുകൾ തുറന്നതോടെ ഇവരുടെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതു സ്ഥലംമാറ്റത്തിന് മാനദണ്ഡം കൊണ്ടുവന്ന ശേഷം 2017 ജനുവരിയിൽ ഇതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരുടെ സ്ഥലംമാറ്റ പട്ടിക തയാറാക്കി. അഞ്ചുമാസമായി പട്ടിക ചീഫ് എൻജിനീയർ ഒാഫിസിൽ കുടുങ്ങിയിരിക്കുകയാണ്. ഉടൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച നടന്ന ഒാവർസിയേഴ്സ് സംഘടന സമ്മേളനത്തിൽ ചീഫ് എൻജിനീയർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അപ്രകാരം കഴിഞ്ഞ ദിവസം പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും സർക്കാർ ഇടപെട്ട് വീണ്ടും തടഞ്ഞുവെന്നും ആരോപണമുണ്ട്. അനാവശ്യമായി എന്തിനാണ് സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കാതെ താമസിപ്പിക്കുന്നതെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ജീവനക്കാർ. ക്ലർക്ക്, ഒാവർസീയർ, അസി. എൻജിനീയർ, എൻജിനീയർ തുടങ്ങി ജീവനക്കാർ ഉൾപ്പെട്ടതാണ് പട്ടിക. ഇൗ സർക്കാർ വന്നശേഷം എൻജിനീയറിങ് വിഭാഗത്തോട് ശത്രുത മനോഭാവം കാട്ടുന്നുവെന്നും ഭരണപക്ഷത്തെ സർവിസ് സംഘടനയുടെ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്നും ആക്ഷേപങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.