*അക്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിൽ കാട്ടാക്കട: കാട്ടാക്കട പൂവച്ചൽ പ്രദേശങ്ങളിൽ ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷങ്ങളെ തുടർന്ന് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ അഞ്ചു ദിവസത്തേക്ക് കാട്ടാക്കട പൊലീസ് സർക്കിൾ പരിധിയിൽ ജില്ല ഭരണകൂടത്തിെൻറ നിരോധനാജ്ഞ. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച സി.പി.എം നേതാവ് കാട്ടാക്കട ശശിയുടെ വീടിന് നേരെയുണ്ടായ കല്ലേറ് ഒഴിച്ചാൽ മറ്റ് അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പൂവച്ചൽ, പട്ടകുളം എന്നിവിടങ്ങളിൽ പാർട്ടി ഓഫിസുകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും നേരെയുണ്ടായ അക്രമങ്ങളിൽ ഇരു വിഭാഗത്തെയും 60 ഓളം പേരെ പ്രതികളാക്കി ആറ് കേസുകളും കാട്ടാക്കടയിൽ ബുധനാഴ്ച വൈകീട്ട് വിലക്ക് ലംഘിച്ച് പ്രകടനം നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തതിന് ബി.ജെ.പി പ്രവർത്തകർക്കെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായ തോട്ടമ്പറ കൊയ്‌ലാറ്റ് വീട്ടിൽ വിഷ്ണു, കൊല്ലോട് മൈലേക്കോണം ജയാ ഭവനിൽ മണികണ്ഠൻ, ചീനിവിള അഴകം പ്ലാവിള വീട്ടിൽ കിരൺ, ആനാകോട് കോവിൽവിള ലോനൽകാട് വീട്ടിൽ അനന്തു, കാപ്പുകാട് ചെറുകുളം വെള്ളംകൊള്ളി ശിവോഗം വീട്ടിൽ ശിവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണ്. അക്രമം ഉണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശങ്ങളിലേക്കുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.