അയിലം പാലം അപ്രോച്ച് റോഡി​െൻറ നിർമാണം പുനരാരംഭിച്ചു

ആറ്റിങ്ങല്‍: അനിശ്ചിതത്വത്തിലായിരുന്ന അയിലം പാലം അപ്രോച്ച് റോഡ് നിർമാണം പുനരാരംഭിച്ചു. തോട്ടവാരം ഭാഗത്ത് റോഡ് നിർമിക്കാനായി ഇട്ട മണ്ണ് ഉറപ്പിക്കുന്ന ജോലികളാണ് തുടങ്ങിയത്. പ്രവൃത്തി വിലയിരുത്താന്‍ ബി. സത്യന്‍ എം.എല്‍.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. നേരത്തേ അപ്രോച്ച് റോഡി​െൻറ ഒരുഭാഗം മഴയിൽ ഇടിഞ്ഞുതാണിരുന്നു. ഇത് ഏറെ ആശങ്കകള്‍ക്ക് കാരണമായി. ഇതോടെ പ്രവൃത്തി അനിശ്ചിതത്വത്തിലായി. മാസങ്ങളായി മുടങ്ങിയപണി എം.എല്‍.എമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് പുനരാരംഭിക്കാന്‍ വഴിയൊരുങ്ങിയത്. അതേസമയം, റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി ഹൈകോടതിയില്‍ നൽകിയ കേസ് തീര്‍പ്പായിട്ടില്ല. ആദ്യം തയാറാക്കിയ പദ്ധതിയിൽ ഇല്ലാതിരുന്ന പണികള്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അതുകൊണ്ട് പദ്ധതിരേഖ പുതുക്കി കൂടുതല്‍ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരനും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇടപെടാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നേരത്തേ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനാലാണ് പണി പുനരാരംഭിക്കാന്‍ കഴിഞ്ഞത്. അയിലം ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന റോഡ് സ്‌കൂളിന് സമീപമുള്ള കൊടും വളവുകള്‍ ഒഴിവാക്കി നിരപ്പായി പൂർത്തിയാക്കാനാണ് പദ്ധതി തയാറാക്കിയത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പ്രവൃത്തി തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്വകാര്യവ്യക്തിക്ക് വഴി നിർമിച്ചുനൽകുന്നുവെന്നും ആക്ഷേപമുണ്ടായി. അതിനാല്‍ നിലവിലെ റോഡ് ഗതാഗതയോഗ്യമാക്കി പാലം തുറക്കാനാണ് തീരുമാനം. പാലത്തി​െൻറ വടക്ക് ഭാഗത്ത് പാലവും റോഡുമായി ബന്ധിപ്പിക്കുന്നതിന് മണ്ണ് നിറച്ചത് മഴയിൽ പിളർന്നുമാറി. റോഡി​െൻറ ഇരുവശവും വന്‍കുഴിയാണ്. പകുതി ഉയരത്തില്‍ മാത്രമേ പാര്‍ശ്വഭിത്തി നിർമിച്ചിട്ടുള്ളൂ. ബാക്കിയുള്ളിടത്ത് മണ്ണ് വെറുതേ നിറച്ചിട്ടേയുള്ളൂ. ഇതിന് സംരക്ഷണമൊരുക്കുകയും റോഡരികില്‍ വേലിയുള്‍പ്പെടെ സംവിധാനങ്ങള്‍ തയാറാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ നാട്ടുകാര്‍ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. പദ്ധതി അവസാനഘട്ടത്തിൽ എത്തിലെത്തിനില്‍ക്കെ ഉയര്‍ന്നുവന്ന എല്ലാ തടസ്സങ്ങളും നീക്കി ഓണത്തിന് പാലം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.