അട്ടക്കുളം നവീകരണത്തിന് 8.5 ലക്ഷം അനുവദിച്ചു

ആറ്റിങ്ങല്‍: അട്ടക്കുളം നവീകരണത്തിന് സുരേഷ്ഗോപി എം.പിയുടെ ഫണ്ടില്‍നിന്ന് 8.5 ലക്ഷം രൂപ അനുവദിച്ചു. വാര്‍ഡ് പ്രതിനിധി ശ്രീലത നൽകിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. നഗരത്തി​െൻറ പ്രാന്തപ്രദേശത്ത് ഏലായോട് ചേര്‍ന്നാണ് അട്ടക്കുളം. പടിഞ്ഞാറുഭാഗത്തായി കുളപ്പുരയും നിർമിച്ചിട്ടുണ്ട്. ഈ ഭാഗത്തുകൂടി റോഡ് നിർമിച്ചപ്പോള്‍ കുളപ്പുരയുടെ ഒരു ഭാഗം പൊളിച്ച് അകത്തേക്ക് ഇറക്കി കെട്ടി. കുളത്തിലേക്കിറങ്ങിപ്പോകാന്‍ പടിക്കെട്ടുകളുമുണ്ട്. വേനലില്‍ നാടൊട്ടുക്ക് വെള്ളത്തിനായി പരക്കം പായുമ്പോഴും അട്ടക്കുളത്തിലെ ജലനിരപ്പ് താഴാറില്ല. ധാരാളമാളുകള്‍ കുളിക്കാനും തുണിയലക്കാനും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള വെള്ളത്തിനുമായി കുളത്തെ ആശ്രയിക്കുന്നു. കഴിഞ്ഞ വേനലില്‍ വറ്റാതെ കിടന്ന കുളം പ്രദേശത്തിന് പകര്‍ന്ന ആശ്വാസം ചെറുതല്ല. കുളം വറ്റാതിരുന്നതുകൊണ്ടാവാം പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നിരുന്നില്ല. അതേസമയം തൊട്ടടുത്ത പ്രദേശത്തെയാളുകള്‍ വെള്ളത്തിനായി പരക്കംപാച്ചിലായിരുന്നു. മുന്‍ കൗണ്‍സിലർ പത്മനാഭന്‍ കുളം സംരക്ഷിക്കണമെന്ന ആവശ്യം പലകുറി കൗണ്‍സിലില്‍ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ ഒരുവര്‍ഷം മുമ്പ് കൗണ്‍സിലി​െൻറ അനുമതിയോടെ നാട്ടുകാര്‍ ചേര്‍ന്ന് കുളം ശുചീകരിക്കുകയും ഇടിഞ്ഞുകിടന്ന ഭിത്തികളും പടവുകളും പുനര്‍നിർമിക്കുകയും ചെയ്തു. ഇതാണ് കുറേ വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ നവീകരണം. ഈ സാഹചര്യത്തിലാണ് കുളം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്നാണ് ഫണ്ടിനായി വാര്‍ഡ്പ്രതിനിധി സുരേഷ്ഗോപി എം.പിയെ സമീപിച്ചത്. കുളം നവീകരണത്തിനുള്ള തുക അനുവദിച്ചതായുള്ള അറിയിപ്പ് കലക്ടറേറ്റില്‍നിന്ന് നഗരസഭക്ക് ലഭിച്ചു. ഇതനുസരിച്ച് നഗരസഭയുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പദ്ധതിരേഖയും കണക്കുകളും തയാറാക്കുന്ന നടപടി തുടങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാപ്ഷൻ -ആറ്റിങ്ങല്‍ അട്ടക്കുളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.