സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം റോഡിലൂടെ ഒഴുകുന്നത് തടയണമെന്നാവശ്യപ്പെട്ട് സമരം

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി കാട്ടാക്കട വാണിജ്യ സമുച്ചയത്തിനുമുന്നിലുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം റോഡിലൂടെ ഒഴുകുന്നത് തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ രാത്രിയില്‍ സമരം നടത്തി. സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം റോഡിലൂടെ ഒഴുകുന്നത് തടയണമെന്നാവശ്യപ്പെട്ട് നിരവധിതവണ പരാതിനല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രിയില്‍ ഡിപ്പോ ഉപരോധവും സമരവും നടത്തിയത്. ആഴ്ചകളായി സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം റോഡിലൂടെ ഒഴുകുകയാണ്. അസഹനീയമായ ദുര്‍ഗന്ധവും യാത്രക്കാര്‍ മലിന ജലത്തിലൂടെ ചവിട്ടി യാത്രചെയ്യുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനജലം തെറിച്ച് ശരീരത്തില്‍ പതിക്കുന്നതും പതിവാണ്. മലിനജലം കെട്ടിനില്‍ക്കുന്നത് കാരണം കൊതുകുശല്യവും പെരുകി. ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, യാത്രക്കാര്‍, നാട്ടുകാര്‍ എന്നിവരൊക്കെ പരാതിപറഞ്ഞിട്ടും പരിഹാരമില്ലാതായതോടെയാണ് ബി.ജെ.പി സമരവുമായി എത്തിയത്. ബി.ജെ.പി നേതാക്കളായ ഹരികുമാര്‍,രതീഷ്,കിള്ളി അശോകന്‍, കിള്ളി കണ്ണന്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരവുമായി എത്തിയത്. ഇതോടെ കാട്ടാക്കട വഴിയുള്ള ഗതാഗതവും സ്തംഭിച്ചു. വ്യാഴാഴ്ച വൈകുംമുമ്പ് തന്നെ മലിനജലം മാറ്റുമെന്ന രേഖാമൂലമുള്ള ഉറപ്പിന്‍ മേല്‍ രാത്രി എട്ടരയോടെ സമരം അവസാനിപ്പിച്ചു. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ റോഡിലൂടെ ഒഴുക്കിവിടുന്ന മലിനജലം പാത്രങ്ങളില്‍ശേഖരിച്ച് ഡിപ്പോയില്‍ ഒഴുക്കാനാണ് അടുത്ത സമരപരിപാടിയെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.