വർക്കല: ലോകത്ത് ഏറ്റവും പഴക്കമുള്ള മലകൾ ഉൾപ്പെടുന്ന, വർക്കല ഫോർമേഷൻ എന്ന പാപനാശം കുന്നുകളിലെ വർക്കലക്കോടി വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ചയാണ് ഹെലിപ്പാഡിനും മലപ്പുറം കുന്നുകൾക്കും ഇടയിലുള്ള വിണ്ടുകീറിനിന്ന വലിയൊരുഭാഗം കടലിലേക്ക് വീണത്. കുന്നിൻമുകളിലൂടെയുള്ള നടപ്പാതയുടെ അരികുചേർന്നുള്ള മലയാണ് അടർന്നുവീണത്. മലയുടെ ഉൾവശം കാർന്നെടുത്തതുപോലെ പൊള്ളയായ നിലയിലാണ് വിണ്ടുകീറിനിന്ന ഭാഗം പതിച്ചത്. ടൂറിസം സീസൺ അവസാനിച്ചതിനാൽ പാപനാശം കേന്ദ്രവും ഹെലിപ്പാഡും കുന്നിൻമുകളിലെ വ്യാപാരകേന്ദ്രങ്ങളും താരതമ്യേന തിരക്കൊഴിഞ്ഞിരുന്നു. സീസൺ കാലമായിരുന്നെങ്കിൽ മലമുകളിൽ നടപ്പാതയും പരിസരങ്ങളുമൊക്കെ സദാസമയവും വലിയ തിരക്കിലാകുമായിരുന്നു. മലപ്പുറം കുന്നിൽനിന്നും വർക്കലക്കോടിയിൽനിന്നും കടലിലേക്കിറങ്ങാൻ റിസോർട്ട് വ്യവസായികൾ പടിക്കെട്ടുകളും നിർമിച്ചിട്ടുണ്ട്. തിരക്കുകാലത്ത് ഈ പടിക്കെട്ടിലൂടെയാണ് ധാരാളം വിദേശ വിനോദസഞ്ചാരികൾ കടൽത്തീരത്തേക്കിറങ്ങുന്നത്. ഇപ്പോൾ മലയിടിഞ്ഞുവീണത് പടിക്കെട്ടിനോട് ചേർന്നാണ്. ഭാഗ്യവശാൽ അപകടമുണ്ടായില്ല. വർക്കല ഫോർമേഷെൻറ കടലിലേക്ക് ഏറ്റവും തള്ളിനിൽക്കുന്ന ഭാഗമാണ് വർക്കലക്കോടി. ഇവിടെ എല്ലാ മഴക്കാലത്തും കുന്നിടിച്ചിൽ ഉണ്ടാകാറുണ്ട്. ഇക്കുറി കാലവർഷം കനക്കാതിരുന്നതിനാൽ വൻതോതിൽ കുന്നിടിച്ചിലുണ്ടായില്ല. പക്ഷേ കുന്നിൻനിരകളിൽ ധാരാളം ഭാഗം ഏറെക്കാലമായി വിണ്ടുകീറി നിന്നിരുന്നു. തന്മൂലം നടപ്പാതയിലൂടെയുള്ള സഞ്ചാരികളുടെയും നാട്ടുകാരുടെയും കാൽനടയാത്രയും ആശങ്കയുയർത്തിയിരുന്നു. ഏതുനിമിഷവും മലനിരകൾ ഇളകി കടലിലേക്ക് വീഴുമെന്നും അത് ചിലപ്പോൾ വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും വേണ്ടത്ര മുൻകരുതലുകൾ ജനസുരക്ഷയിലും കുന്നുകൾ സംരക്ഷിക്കുന്നതിലും ഉണ്ടാകണമെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉയർന്ന ശാസ്ത്രജ്ഞരും സെസ്സിലെ ശാസ്ത്രകാരന്മാരും അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ലോകവിസ്മയമായ പൈതൃകത്തെ സംരക്ഷിക്കാനോ കുന്നിടിച്ചിലിെൻറ ആക്കം കുറക്കാനോ പദ്ധതി ആവിഷ്കരിക്കാനും നടപ്പിലാക്കാനും അധികൃതർ യാതൊന്നും ചെയ്യുന്നില്ല. മുമ്പ് എം.എൽ.എ വർക്കല കഹാറും ഡോ. എ. സമ്പത്ത് എം.പിയും അധികൃതർക്ക് ചില പദ്ധതികൾ സമർപ്പിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അതൊക്കെ അംഗീകരിക്കുകയും നടപടി ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും ഒന്നുമുണ്ടായില്ല. ആകെ സംഭവിച്ചത് പാപനാശം കുന്നുകൾ ലോക പൈതൃക പട്ടികയിൽ ഇടംനേടിയതും യൂനിസെഫ് ജിയോ ഹെറിട്ടേജ് പാർക്കായി പ്രഖ്യാപിച്ചതുമാണ്. തുടർന്ന് കുന്നിൻനിരകളെ സംരക്ഷിക്കുന്നതിന് ബൃഹത്തായ പദ്ധതി വരുമെന്നും പ്രഖ്യാപനം ഉണ്ടായി. ജിയോ ഹെറിട്ടേജായി മാറി വർഷങ്ങൾ പിന്നിടുമ്പോഴും കുന്നുകളുടെ സംരക്ഷണത്തിന് നടപടിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല അവശേഷിക്കുന്ന കുന്നുകളും നാൾക്കുനാൾ കടലിലേക്ക് തകർന്നുവീഴുന്ന കാഴ്ചയാണുള്ളത്. അവശേഷിക്കുന്നത് ഒറ്റ ചോദ്യം മാത്രമാണ്. വർക്കല കുന്നുകൾക്ക് ആയുസ്സ് ഇനിയെത്രനാൾ എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.