ഒറ്റപ്പെട്ടുപോയ കുട്ടികളെ സംരക്ഷിക്കാൻ ജനകീയകൂട്ടായ്മ മുന്നിട്ടിറങ്ങണം -മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: പ്രസംഗം കൊണ്ടും വാഗ്ധോരണി കൊണ്ടും നടപ്പാക്കാവുന്നതല്ല ശിശുക്ഷേമമെന്നും അത് പ്രാവർത്തികമാക്കാൻ കഠിനാധ്വാനവും മുൻകരുതലും എടുക്കേണ്ടതുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചില സ്വകാര്യ സംരക്ഷണ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ചൂഷണം പരിശോധിച്ച് വരികയാണ്. ഇവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ശിശുക്ഷേമ രംഗത്ത് കാലഘട്ടത്തിനനുസൃതമായി മാറാൻ സമൂഹത്തെ സഹായിക്കുകയെന്നത് ശിശുക്ഷേമസമിതികളുടെ ഉത്തരവാദിത്തമാണ്. ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ സംരക്ഷിക്കാൻ സർക്കാറിനൊപ്പം ജനകീയ കൂട്ടായ്മയും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. അന്തേവാസികളായ കുട്ടികൾക്കായി ഏർപ്പെടുത്തിയ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സമിതി ജന. സെക്രട്ടറി എസ്.പി. ദീപക് അധ്യക്ഷത വഹിച്ചു. ട്രഷറർ ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ, സംസ്ഥാന സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികളായ ജോ.സെക്രട്ടറി പി.എസ്. ഭാരതി, എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണൻ, ആർ. രാജു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.