റസിയയെ തനിച്ചാക്കി ചെല്ലമ്മ അന്തർജനം യാത്രയായി

അമ്പലപ്പുഴ: ജാതിയുടെയും മതത്തി​െൻറയും അതിർവരമ്പുകൾ ലംഘിച്ച സ്നേഹഗാഥ ചരിത്രമാക്കി ചെല്ലമ്മ അന്തർജനം (87) യാത്രയായി. മരണത്തി​െൻറ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയും സ്വന്തം അമ്മയെപോലെ നോക്കുകയും ചെയ്ത റസിയയെ ഒറ്റക്കാക്കിയാണ് ചെല്ലമ്മ വിടവാങ്ങിയത്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നീർക്കുന്നം ചേക്കോട്ട് മഠത്തിൽ ശംഭു എമ്പ്രാ​െൻറയും ഗംഗ അന്തർജനത്തി​െൻറയും മകളായിട്ടായിരുന്നു ചെല്ലമ്മയുടെ ജനനം. പത്തനംതിട്ട ജില്ലയിലെ കല്ലിശേരി സ്വദേശിയായ ഭർത്താവ് പരമേശ്വരൻ നമ്പൂതിരി വർഷങ്ങൾക്കുമുമ്പ് മരിച്ചു. മക്കളില്ല. റസിയയുടെയും ചെല്ലമ്മയുടെയും സ്നേഹത്തി​െൻറ കഥ അറിഞ്ഞ് ഇവർക്ക് ഏറെ പിന്തുണ നൽകിയ നടി കൽപനയുടെ മരണത്തി​െൻറ വേദനകൾ മായുംമുമ്പാണ് അന്തർജനവും യാത്രയായത്. കാൽ ഒടിഞ്ഞതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയശേഷം ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് മരണം. സംസ്കാരം അഗതി ആശ്രയ പദ്ധതി പ്രകാരം ലഭിച്ച മൂന്ന് സ​െൻറിലെ ചെല്ലമ്മ ഭവനത്തിൽ ബുധനാഴ്ച ഉച്ചക്ക് 12 ന് സമുദായ ആചാര പ്രകാരം നടക്കും. ഭർത്താവി​െൻറ മരണശേഷം തൃശൂരിലെ അഗതി മന്ദിരത്തിലും ബന്ധുജനങ്ങളുടെ ആശ്രയത്തിലും കഴിഞ്ഞുകൂടിയ ചെല്ലമ്മ അന്തർജനം തിരികെ നാട്ടിലെത്തി ഏകയായി കഴിയുകയായിരുന്നു. ഇതിനിെടയാണ് റസിയ 1995ൽ ഇവരുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ജീവിതനൈരാശ്യംമൂലം െട്രയിനിന് മുന്നിൽ ചാടി മരിക്കാൻ പുറപ്പെട്ട അന്തർജനത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് അന്ന് വാർഡ് അംഗമായിരുന്ന റസിയയായിരുന്നു. ജാതിയുെടയും മതത്തി​െൻറയും അതിര്‍വരമ്പുകള്‍ തട്ടിത്തെറിപ്പിച്ച ഈ ബന്ധം മനുഷ്യരാശിക്ക് മാതൃകയായിരുന്നു. റസിയയുടെയും ചെല്ലമ്മ അന്തർജനത്തി​െൻറയും ജീവിതം ആസ്പദമാക്കി ബാബു തിരുവല്ല സംവിധാനം ചെയ്ത 'തനിച്ചല്ല ഞാൻ' സിനിമയിലൂടെ നടി കൽപനക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു. കൽപനയുടെ ആകസ്മികമരണം ചെല്ലമ്മയെയും റസിയയെയും തളർത്തിയിരുന്നു. പത്തുവര്‍ഷം ഇവരുടെ കാര്യങ്ങൾക്ക് കൽപന മുടക്കം വരുത്തിയിരുന്നില്ല. കൽപനക്ക് റസിയ ചക്കരയും അന്തര്‍ജനം പ്രാവുമാണ്. സഹനടിക്കുള്ള പുരസ്‌കാരത്തിനൊപ്പം സംവിധായകനും നിര്‍മാതാവിനുമുള്ള ദേശീയപുരസ്‌കാരവും 'തനിച്ചല്ല ഞാന്‍' നേടിയിരുന്നു. ദേശീയപുരസ്‌കാരം ഏറ്റുവാങ്ങാന്‍ റസിയയെ ഒപ്പംകൂട്ടിയാണ് കൽപന ഡല്‍ഹിയില്‍ പോയത്. എത്ര തിരക്കുണ്ടെങ്കിലും റസിയയുടെ നമ്പര്‍ കണ്ടാല്‍ കൽപന ഫോണെടുക്കുമായിരുന്നു. സിനിമയിൽ ചെല്ലമ്മയുടെ വേഷം അവതരിപ്പിച്ചത് കെ.പി.എ.സി ലളിതയാണ്. 2008ലാണ് നീര്‍ക്കുന്നത്തെ വീട്ടില്‍ കൽപന റസിയയെയും അന്തര്‍ജനത്തെയും തേടിയെത്തുന്നത്. അന്നുമുതല്‍ അന്തര്‍ജനം കൽപനയുടെ അമ്മയുടെ സ്ഥാനത്തായിരുന്നു, റസിയ സഹോദരിയും. എല്ലാ ഓണത്തിനും കൽപനയുടെ വക പുതുവസ്ത്രങ്ങള്‍ ഇവരെ തേടിയെത്തിയിരുന്നു. മാസംതോറും പണവും. കൽപനയുടെ മരണവാർത്ത അറിഞ്ഞപ്പോൾ റസിയ അന്തര്‍ജനത്തെ കെട്ടിപ്പിടിച്ച് വാവിട്ട് നിലവിളിച്ചു. ഒടുവിൽ ഇതാ ചെല്ലമ്മ അന്തർജനവും യാത്രയായി. റസിയ ഒറ്റയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.