ദോഹ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഖത്തറിലെത്തി. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമവുമായി നടത്തുന്ന പര്യടനത്തിെൻറ ഭാഗമായി കുവൈത്ത് സന്ദർശിച്ചശേഷമാണ് ദോഹയിലെത്തിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഖത്തറിെൻറ നിലപാട് വ്യക്തമാണെന്ന് അമീറുമായി നടത്തിയ ചർച്ചക്കുശേഷം ടില്ലേഴ്സൺ പറഞ്ഞു. ഗൾഫ് മേഖലയിലെ പ്രശ്നം ഏറെ വൈകാതെ പരിഹരിക്കപ്പെടുമെന്നുതന്നെയാണ് അമേരിക്കയുടെ പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൾഫ് പ്രതിസന്ധി തുടങ്ങി ഒരുമാസം പിന്നിട്ടപ്പോഴാണ് അമേരിക്ക നേരിട്ട് ഇടപെടുന്നത്. തിങ്കളാഴ്ച കുവൈത്തിലെത്തിയ ടില്ലേഴ്സൺ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് എന്നിവരുമായി വിശദ ചർച്ച നടത്തിയിരുന്നു. ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കാൻ ഉപരോധ രാജ്യങ്ങൾ നൽകിയ നിബന്ധനകൾ, അതിന് ഖത്തർ നൽകിയ മറുപടി തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയായി. ദോഹ ചർച്ചകൾക്കുശേഷം ടില്ലേഴ്സൺ ചൊവ്വാഴ്ച വൈകീട്ട് സൗദിയിലേക്ക് തിരിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി ചർച്ച നടത്തും. ഖത്തറിന് മുന്നിൽവെച്ച 13 ഉപാധികൾ നിലനിൽക്കുന്നതല്ലെന്ന് ടില്ലേഴ്സണിെൻറ ഉപദേഷ്ടാവ് ആർസി ഹാമോൻഡ് വ്യക്തമാക്കി. എന്നാൽ, ഖത്തറും സൗദിയും അടക്കമുള്ള മുഴുവൻ രാജ്യങ്ങളും തീവ്രവാദ വിഭാഗങ്ങൾക്ക് സഹായം നൽകുന്നുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.