കിളിമാനൂർ: കൈവശാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി വില്ലേജിലും താലൂക്ക് ഒാഫിസിലും കയറിയിറങ്ങിയ വീട്ടമ്മ, ഒടുവിൽ വില്ലേജ് ഓഫിസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ഒാഫിസറെ ഉപരോധിച്ചു. നഗരൂർ തണ്ണിക്കോണം കാട്ടിൽ പുത്തൻവീട്ടിൽ സരസ്വതിയാണ് തിങ്കളാഴ്ച ഉച്ചയോടെ നഗരൂർ വില്ലേജ് ഓഫിസിന് മുന്നിൽ കയറുമായെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. 25 സെൻറ് സ്ഥലത്തിെൻറ കൈവശാവകാശ സർട്ടിഫിക്കറ്റിന് വേണ്ടിയാണ് മാസങ്ങളായി ഇവർ ഒാഫിസുകൾ കയറിയിറങ്ങിയത്. താലൂക്ക് സർേവയർ സ്ഥലത്തെത്തി വസ്തു അളന്ന് തിട്ടപ്പെടുത്തി -പോയെങ്കിലും ഇതിെൻറ റിപ്പോർട്ടോ രേഖകളോ നൽകിയില്ലെത്ര. വില്ലേജിലെത്തുമ്പോൾ താലൂക്ക് ഒാഫിസിൽ പോകാനും അവിടെയെത്തുമ്പോൾ തിരിച്ച് വില്ലേജിലേക്കും മടക്കി അയക്കുകയാണ് ചെയ്തിരുന്നത്. ഇരു ഓഫിസുകളിലും റിപ്പോർട്ട് നൽകാതിരുന്ന താലൂക്ക് സർേവയറായ ഉദ്യോഗസ്ഥ ഇതിനിടെ സ്ഥലംമാറിപ്പോകുകയും ചെയ്തു. സരസ്വതിയും രണ്ട് പെൺമക്കളും ടാർപ്പ കെട്ടിയ കുടിലിലാണ് താമസിക്കുന്നത്. 1958 ലാണ് ഭൂ ഉടമ സരസ്വതിക്കും സഹോദരങ്ങൾക്കുമായി 25 സെൻറ് സ്ഥലം ഇഷ്ടദാനം നൽകിയത്. കൂലിപ്പണിക്കാരിയായ ഇവർക്ക് അനാരോഗ്യം കാരണം പണിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞവർഷം പഞ്ചായത്തിൽനിന്ന് ഇവർക്ക് വീട് അനുവദിെച്ചങ്കിലും കൈവശാവകാശ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വീടുപണി നടന്നില്ല. ഈ വർഷവും പഞ്ചായത്തിൽനിന്ന് വീട് അനുവദിച്ചിട്ടുണ്ട്. തുടർന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിനായി കലക്ടർക്ക് പരാതി നൽകിയിരുന്നു. കലക്ടറിെൻറ നിർദേശപ്രകാരം താലൂക്ക് സർേവയറെ വസ്തു അളന്ന് തിട്ടപ്പെടുത്താൻ നിയോഗിക്കുകയും ഇൗ ഉദ്യോഗസ്ഥ റിപ്പോർട്ട് നൽകാതെ പൂഴ്ത്തിവെക്കുകയായിരുന്നുമെന്നാണ് ഇവർ പറയുന്നത്. വിവരമറിഞ്ഞ് ആറ്റിങ്ങൽ തഹസിൽദാറും എസ്.ഐ സലീമും സ്ഥലത്തെത്തി. നാളെ ഉച്ചക്ക് മുമ്പ് റീസർവേ നിയമപ്രകാരം കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പുനൽകി. ഫയൽ മുക്കിയ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ ഉറപ്പു നൽകി. ഉപരോധസമരത്തിന് വാർഡ് അംഗം ബീന, സുനിൽ, റിജോ, ആവണി അനിൽ, നന്ദു എന്നിവർ നേതൃത്വം നൽകി. അതേ സമയം, പ്രസ്തുത വസ്തുവിന് റീസർവേ പ്രകാരം കരംതിരുവയോ തണ്ടപ്പേരോ ഇല്ലെന്നാണ് വില്ലേജ് ഓഫിസറുടെ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.