ബൈ റൂട്ടുകൾ മുടക്കി കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവിസ്; ദുരിതത്തിലായി യാത്രക്കാർ

*കുളത്തൂപ്പുഴ, ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകളിൽനിന്നുള്ള സർവിസുകളാണ് മുടക്കിയിരിക്കുന്നത് അഞ്ചൽ: കെ.എസ്.ആർ.ടി.സി ബൈ റൂട്ട് സർവിസുകൾ മുടക്കി ചെയിൻ സർവിസ് എന്ന പേരിൽ സർവിസ് നടത്തുന്നതിനെതിരെ കിഴക്കൻ മേഖലയിലെ യാത്രക്കാർ പ്രതിഷേധത്തിൽ. ചടയമംഗലം ഡിപ്പോയിൽനിന്ന് ഏരൂർ പഞ്ചായത്തിലെ ഉൾപ്രദേശമായ പാണയത്തേക്ക് നടത്തിയിരുന്ന ഏക ട്രിപ് മുടക്കി. മറ്റൊരു സർവിസായ ആയൂർ -പൊലിക്കോട്, ഇടയം, അറയ്ക്കൽ, തടിക്കാട്, കോക്കാട് വഴി പുനലൂരിലേക്കുള്ള ഏക ട്രിപ്പും സമയക്രമം പാലിക്കാതെയാണ് ഓടുന്നത്. ഇത്തരത്തിൽ ഉൾപ്രദേശങ്ങളിലേക്കുള്ള പല ട്രിപ്പുകളും മുടക്കുകയോ, സമയം തെറ്റി ഓടിക്കുകയോ ആണ് ചെയ്യുന്നത്. മലയോര ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം സങ്കീർണമാകുമ്പോൾ ചെയിൻ സർവിസെന്ന പേരിൽ അഞ്ചൽ-കൊട്ടിയം റൂട്ടിലേക്ക് വിവിധ ഡിപ്പോകളിൽനിന്ന് 12ഒാളം ബസുകളെടുത്താണ് സർവിസ് നടത്തുന്നത്. ബൈ റൂട്ട് സർവിസുകൾ മുടങ്ങുന്നതും സമയം തെറ്റിച്ച് ഓടുന്നതും മൂലം കോർപറേഷന് വരുമാനഷ്ടവും നാട്ടുകാർക്ക് യാത്രാക്ലേശവും സംഭവിക്കുന്നതായി ആക്ഷേപമുണ്ട്. ഈ നടപടി സ്വകാര്യ ബസ് സർവിസുകാരെ സഹായിക്കാനാണെന്ന ആരോപണവും നിലവിലുണ്ട്. കുളത്തൂപ്പുഴ ഡിപ്പോയിലെ മൂന്ന് ബൈ റൂട്ട് സർവിസുകളാണ് നിർത്തലാക്കിയത്. ഈ ബസുകൾ ചടയമംഗലം ഡിപ്പോയിലേക്ക് മാറ്റി ചെയിൻ സർവിസിനിട്ടിരിക്കുകയാണ്. ചാത്തന്നൂർ ഡിപ്പോയിൽനിന്നുള്ള നാല് ബൈ റൂട്ട് സർവിസുകളും നിർത്തിെവച്ചിരിക്കുകയാണ്. പതിനായിരത്തോളം രൂപയുടെ വരുമാനമുണ്ടായിരുന്ന ബൈ റൂട്ട് സർവിസുകൾ നിർത്തലാക്കിയത് ഗ്രാമീണ മേഖലയിലെ യാത്രക്കാരോട് കാണിക്കുന്ന അനീതിയും വഞ്ചനയുമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ബൈ റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ബൈറൂട്ട് പാസഞ്ചേഴ്സ് അസോ. ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.