ലോ അക്കാദമി സമരം 20ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ലോ അക്കാദമി സമരം 20ാം ദിവസത്തിലേക്ക്. മാനേജ്മെന്‍റും പ്രിന്‍സിപ്പലും നടത്തുന്ന വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ക്കെതിരെ എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, എം.എസ്.എഫ് എന്നീ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമരമാണ് ഞായറാഴ്ച 19 ദിവസം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം എസ്.എഫ്.ഐ പ്രഖ്യാപിച്ച സമരം 16 ദിവസം പൂര്‍ത്തിയായി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ അക്കാദമി പടിക്കല്‍ നടത്തുന്ന നിരാഹാര സമരം ആറാംദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി എ.ഐ.വൈ.എഫ് ശനിയാഴ്ച ആരംഭിച്ച യുവജന സത്യഗ്രഹം ഞായറാഴ്ച അവസാനിക്കാനിരിക്കെ അനിശ്ചിതകാലത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. രാത്രി സമരപന്തലില്‍ എത്തിയ സി.പി.ഐ ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍ സമരം ദീര്‍ഘിപ്പിച്ച പാര്‍ട്ടി തീരുമാനം അറിയിച്ചു. സി.പി.ഐ പിന്തുണയും പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാനേജ്മെന്‍റ് യോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. തിങ്കളാഴ് യോഗം ചേരുമെന്നാണ് സൂചന. ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് വിളിപ്പിച്ച് സമരം തീര്‍ക്കാന്‍ പ്രിന്‍സിപ്പല്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.