ബിയര്‍ പാര്‍ലറിന് അനുമതി: പൂവാറില്‍ ജനകീയ സമിതി ഹര്‍ത്താല്‍ പൂര്‍ണം

പൂവാര്‍: സ്വകാര്യ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍.ഒ.സി നല്‍കിയ പഞ്ചായത്തിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ച് പൂവാറില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഒഴികെയുള്ളവയൊന്നും ഓടിയില്ല. രാവിലെ 10ന് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനുപേര്‍ അണിനിരന്നു. ജനകീയ സമിതി കണ്‍വീനര്‍മാരായ ഫാ. ജോണ്‍ വിക്ടര്‍, മെഹബൂബ്, ആന്‍േറാ മാര്‍സലിന്‍, ഖാദര്‍, ഫ്ളോറന്‍സി മുത്തയ്യന്‍, വൈ. ലയോണ്‍സ്, വെറോണ്‍, നസറുദ്ദീന്‍ ബാഖ്വി, ബഷീര്‍, ആര്‍. ദേവരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.ആര്‍.ടി.സി പൂവാര്‍ ഡിപ്പോയില്‍നിന്ന് കാഞ്ഞിരംകുളം ഭാഗത്തേക്ക് സര്‍വിസുകള്‍ നടത്തി. നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള ബസുകള്‍ അരുമാനൂരില്‍നിന്നും വിഴിഞ്ഞം ഭാഗത്തേക്കുള്ളവ പുതിയതുറയില്‍നിന്നും കളിയിക്കാവിള ഭാഗത്തേക്ക് ചെക്ക് പോസ്റ്റിന് അപ്പുറത്തുനിന്നുമാണ് സര്‍വിസ് നടത്തിയത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ സി.ഐ റിയാസിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.