ദിനുവിന് ഇനിയും ജീവിക്കണം, ഈ കുരുന്നുകള്‍ക്കായി

കിളിമാനൂര്‍: അപ്രതീക്ഷിതമായി വിധിനല്‍കിയ വൃക്കരോഗത്താല്‍ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് വെള്ളല്ലൂര്‍ പാളയം ചന്ദ്രന്‍വിള വീട്ടില്‍ എം. ദിനു(43). ഇരുവൃക്കകളും പൂര്‍ണമായും തകരാറിലായി ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുകയാണ്. നിര്‍ധനകുടുംബത്തിലെ അംഗമായ ദിനു വയറിങ്, പ്ളംബിങ് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിവന്നത്. എന്നാല്‍, മൂത്രാശയ അണുബാധയുടെ രൂപത്തില്‍ മാസങ്ങള്‍ക്കുമുമ്പ് ദിനുവിനുണ്ടായ അസുഖം ഇരുവൃക്കകളെയും തളര്‍ത്തുകയായിരുന്നു. മാതാവ് ലളിത തൊഴിലുറപ്പ് തൊഴിലാളിയും ഭാര്യ പിങ്കിമോള്‍ സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളിയുമാണ്. വെള്ളല്ലൂര്‍ ഗവ. എല്‍.പി.എസിലെ നാലാംതരം വിദ്യാര്‍ഥിനി ലക്ഷ്മി, രണ്ടാംതരം വിദ്യാര്‍ഥിനി പാര്‍വതി എന്നിവര്‍ മക്കളാണ്. ആഴ്ചയില്‍ രണ്ടുതവണ വീതം ഡയാലിസിസ് നടത്തിയാണ് ദിനുവിന്‍െറ ജീവന്‍ നിലനിര്‍ത്തുന്നത്. ഒരുമാസം ഡയാലിസിസിന് മാത്രം ഇരുപതിനായിരത്തോളം രൂപ ചെലവ് വരും. മരുന്നുകള്‍ക്കുള്ള ചെലവ് വേറെ. നാട്ടുകാരുടെ സഹായം കൊണ്ട് മാത്രമാണ് കുടുംബജീവിതം തള്ളിനീക്കുന്നത്. വൃക്ക മാറ്റിവെച്ചാല്‍ ജീവിതത്തിലേക്ക് തിരികെ എത്തിക്കാമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പുപറയുന്നത്. നിത്യവൃത്തിക്കുപോലും പണം കണ്ടത്തൊനാകാതെ വിഷമിക്കുന്ന കുടുംബത്തിന് വൃക്കമാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമാവശ്യമായ 10 ലക്ഷത്തോളം രൂപ കണ്ടത്തൊനാകില്ല. ഉദാരമതികളുടെ കനിവും കാരുണ്യവുമുണ്ടെങ്കില്‍ ദിനുവിന് കുരുന്നുകള്‍ക്കൊപ്പം സന്തോഷമായി ജീവിക്കാനാകും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് നഗരൂര്‍ ശാഖയില്‍ ഭാര്യ പിങ്കിമോള്‍, മകള്‍ ലക്ഷ്മി എന്നിവരുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 046501000027883. ഐ.എഫ്.എസ്.സി കോഡ്: IOBA 0000465.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.