സ്മാര്‍ട്ട് സിറ്റി: അഭിപ്രായ വോട്ടെടുപ്പില്‍ ലഭിച്ചത് 1,12,503 വോട്ട്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ആകെ ലഭിച്ചത് 1,12,503 വോട്ട്. തിങ്കളാഴ്ച രാത്രി 12വരെയാണ് ഓണ്‍ലൈന്‍ വഴി വോട്ടുചെയ്യാന്‍ അവസരം ഉണ്ടായിരുന്നത്. 21,394 വോട്ടുനേടി കിഴക്കേകോട്ടയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാന്‍ ജനം തെരഞ്ഞെടുത്തിരിക്കുന്ന ആദ്യ പ്രദേശം. 18,051 വോട്ടുനേടി കഴക്കൂട്ടം-കോവളം ബൈപാസും 17,768 വോട്ടുനേടി മെഡിക്കല്‍ കോളജ്-ജനറല്‍ ആശുപത്രി മേഖല മൂന്നാംസ്ഥാനത്തും എത്തിയിട്ടുണ്ട്. ബാലറ്റുകളില്‍ക്കൂടി 43,312 വോട്ടും വോട്ടുയന്ത്രത്തില്‍ക്കൂടി 54,462 വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേന 11,318 വോട്ടും എസ്.എം.എസ്, വാട്സ്ആപ് വഴി 1325, 2086 വോട്ടും ലഭിച്ചതായി നഗരസഭ അധികൃതര്‍ അറിയിച്ചു. ആദ്യ മൂന്നുസ്ഥാനത്തിനുപുറമെ 16,406 വോട്ടുനേടി മേയറുടെ കഴക്കൂട്ടം മേഖല നാലാംസ്ഥാനവും 15,156 വോട്ട് നേടി വിഴിഞ്ഞം മേഖല അഞ്ചാം സ്ഥാനവും 13,772 വോട്ടുനേടി പ്രാന്തപ്രദേശ മേഖല ആറാം സ്ഥാനവും 9956 വോട്ടുനേടി ആക്കുളം വേലി മേഖല ഏഴാം സ്ഥാനവും കരസ്ഥമാക്കി. 500 കോടിയുടെ വികസനം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണ് നടപ്പാക്കുന്നത്. പ്രദേശ വികസനം കൂടാതെ സമസ്ത നഗരവികസനത്തിന് (പാന്‍സിറ്റി വികസനം) അനുയോജ്യമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അഭിപ്രായശേഖരണവും പോളിങ് ബൂത്തുകളിലും ഓണ്‍ലൈന്‍ ഫോറങ്ങള്‍ വഴിയും നടത്തിയിരുന്നു. ജലലഭ്യത, മലിനജല സംസ്കരണം, സുരക്ഷിതത്വം, ആരോഗ്യം, പാര്‍പ്പിടം, ഖരമാലിന്യനിര്‍മാര്‍ജനം, ഗതാഗത സംവിധാനം, തൊഴിലവസരം എന്നീ പ്രധാന വിഷയങ്ങളില്‍ നവ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുത്തേണ്ട വികസനങ്ങളെക്കുറിച്ചായിരുന്നു ഈ അഭിപ്രായ ശേഖരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.