സ്മാര്‍ട്ട് സിറ്റി ജനാഭിപ്രായം പെട്ടിയിലായി; വോട്ടിങ്ങില്‍ സമ്മിശ്ര പ്രതികരണം

തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ വാര്‍ഡില്‍ നടപ്പാക്കണമെന്ന ജനാഭിപ്രായം വോട്ടുപെട്ടിയിലായി. 100 വാര്‍ഡുകളിലായി നടന്ന ഇലക്ട്രോണിക് വോട്ടിങ്ങില്‍ ചിലയിടങ്ങളില്‍ വന്‍ പ്രതികരണം ഉണ്ടായപ്പോള്‍ മറ്റിടങ്ങളില്‍ തണുപ്പന്‍ സമീപനമായിരുന്നു. ജനാഭിപ്രായം അറിയിക്കാനുള്ള സമയം കോര്‍പറേഷന്‍ നീട്ടി നല്‍കി. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ഓണ്‍ലൈന്‍ വഴിയും ഓഫിസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, പൊതുഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബാലറ്റുകള്‍ വഴിയും അഭിപ്രായം രേഖപ്പെടുത്താം. ഇതുകൂടി പൂര്‍ത്തിയായതിന് ശേഷം തിങ്കളാഴ്ച വൈകീട്ടോടെ ജനങ്ങള്‍ തെരഞ്ഞെടുത്ത പദ്ധതി പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കോര്‍പറേഷന്‍ പ്രഖ്യാപിക്കും. പകുതിയിലേറെ വോട്ടിങ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ നല്ലതിരക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ തണുപ്പന്‍മട്ടിലും മറ്റ് ചിലയിടങ്ങളില്‍ സമ്മിശ്ര പ്രതികരണവും ഉണ്ടായി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെയാണ് വോട്ടിങ് സമയം ക്രമീകരിച്ചിരുന്നത്. പിന്നീടത് ആറുവരെ നീട്ടി. 50വാര്‍ഡുകളുടെ വോട്ടിങ് രാവിലെയും ബാക്കി 50 വാര്‍ഡുകളില്‍ ഉച്ച കഴിഞ്ഞുമാണ് ക്രമീകരിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയ 100 ഉദ്യോഗസ്ഥരും കോര്‍പറേഷന്‍െറ 200 ജീവനക്കാരും മേല്‍നോട്ടം വഹിച്ചു. മേയര്‍ വി.കെ. പ്രശാന്തിന്‍െറ വാര്‍ഡായ കഴക്കൂട്ടം, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകള്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എത്തിയത്. സ്മാര്‍ട്ട്സിറ്റിയുമായ ബന്ധപ്പെട്ട നഗരവികസനം, നഗരനവീകരണം, ഹരിതവികസനം തുടങ്ങിയ പദ്ധതികള്‍ എതുവാര്‍ഡില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നതിന്‍െറ ഭാഗമായിരുന്നു വോട്ടെടുപ്പ്. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണ് നടപ്പാക്കുന്നത്. ഇതില്‍ പാന്‍സിറ്റി വികസന പദ്ധതിയില്‍ കോര്‍പറേഷന്‍ പരിധിയിലെ 100 വാര്‍ഡുകള്‍ ഉള്‍പ്പെടും. മറ്റ് പദ്ധതികളായ നഗരവികസനം, നഗരനവീകരണം, ഹരിതവികസനം എന്നിവ നിശ്ചിത വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ മാത്രം നടപ്പാക്കും. ഈ മേഖലകള്‍ തെരഞ്ഞെടുക്കുന്നതിനാണ് കോര്‍പറേഷന്‍ ജനാഭിപ്രായം തേടിയത്. യന്ത്രത്തില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള പദ്ധതി പ്രദേശങ്ങളുടെ നമ്പര്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വോട്ടെടുപ്പ്. നഗരവികസന പദ്ധതി നടപ്പാക്കാന്‍ കുറഞ്ഞത് 500 ഏക്കറും നഗരനവീകരണത്തിനായി 50 ഏക്കറും ഹരിതവികസന പദ്ധതിക്ക് കുറഞ്ഞത് 250 ഏക്കറുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.