ഭക്തിനിര്‍ഭരമായി നാടെങ്ങും കാവടിഘോഷയാത്ര

തിരുവനന്തപുരം: സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളില്‍ ഭക്തിയുടെ നിറവില്‍ തൈപ്പൂയ ഉത്സവവും കാവടിഘോഷയാത്രയും നടന്നു. ഉള്ളൂര്‍ മേജര്‍ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ തൈപ്പൂയ കാവടി ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ 11ന് ഗൗരീശപട്ടം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച കാവടി ഘോഷയാത്ര 10.30ഓടെ ഉള്ളൂര്‍ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലത്തെി. മുന്നോറോളം പുഷ്പക്കാവടി, 150 പാല്‍ക്കുടം, മൂന്ന് ഗജവീരന്മാര്‍, നാല് കുതിര എന്നിവയുടെ അകമ്പടിയോടെയാണ് കാവടി കടന്നുപോയത്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ റോളര്‍ സ്കേറ്റിങ്, പഞ്ചവാദ്യം, നെയ്യാണ്ടിമേളങ്ങള്‍, ബാന്‍ഡ്മേളം, ശിങ്കാരിമേളം, തെയ്യം എന്നിവ ഘോഷയാത്രക്ക് മാറ്റുകൂട്ടി. തുടര്‍ന്ന് 11.30ഓടെ അഗ്നിക്കാവടി നടന്നു. നൂറോളം അപേക്ഷകരില്‍നിന്ന് നറുക്കെടുത്താണ് മൂന്നുപേര്‍ക്ക് അഗ്നിക്കാവടിക്ക് അവസരം ലഭിച്ചത്. ക്ഷേത്ര തന്ത്രി വഞ്ചിയൂര്‍ അത്തിയാര്‍ മഠത്തിന്‍െറ മേല്‍നോട്ടത്തിലാണ് ചടങ്ങ് നടന്നത്. കഴക്കൂട്ടം കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രത്തില്‍നിന്ന് രാവിലെ 8.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കാവടി ഘോഷയാത്ര മണക്കാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച എരുതാവൂര്‍ സുബ്രഹ്മണ്യം ക്ഷേത്രത്തിലെ കാവടി ബാലരാമപുരത്ത് ആരംഭിച്ച് എരുതാവൂരില്‍ സമാപിച്ചു. വര്‍ക്കല മട്ടിന്‍മൂട് അപ്പൂപ്പന്‍കാവ്, രഘുനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചരുവിള ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ കാവടി ഘോഷയാത്ര സംഘടിപ്പിച്ചു. വര്‍ക്കല മേഖലയില്‍ പ്രധാനമായും ഇടവ കേന്ദ്രീകരിച്ചാണ് വലിയ ആഘോഷങ്ങള്‍ നടന്നത്. കാപ്പില്‍ ശിവക്ഷേത്രം, മാന്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൊയ്കയില്‍ ക്ഷേത്രം, തോട്ടുമുഖം ക്ഷേത്രം, വര്‍ക്കല ജവഹര്‍ പാര്‍ക്ക് ക്ഷേത്രം എന്നിവിടങ്ങളിലും കാവടിഘോഷയാത്ര നടന്നു.കിളിമാനൂര്‍, ആലത്തുകാവ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി അഭിക്ഷേകവും അഗ്നിക്കാവടിയും സമാപിച്ചു. തൈപ്പൂയ ദിവസമായ ഇന്നലെ വൈകുന്നേരം നാലരയോടെ ക്ഷേത്രാങ്കണത്തില്‍ വേല്‍ക്കാവടി ചടങ്ങുകള്‍ ആരംഭിച്ചു. 41 ദിവസമായി വ്രതം നില്‍ക്കുന്ന യുവാക്കളാണ് വേല്‍ക്കാവടിക്ക് പങ്കെടുത്തത്. വേല്‍ക്കാവടി, അഭിഷേകക്കാവടി, തെയ്യം, ചെണ്ട, നാടന്‍ വേഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ തൈപ്പൂയ ഘോഷയാത്ര ആരംഭിച്ചു. രാത്രി ഒമ്പതിന് ആഴിപ്പൂജക്കുശേഷം 10.30 ഓടെ അഗ്നിക്കാവടി ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.