കാട്ടാക്കട: ഗ്രാമപഞ്ചായത്തിലെ പട്ടണത്തോട് ചേര്‍ന്ന മൂങ്ങോട്ടുകോണം ഹരിജന്‍ കോളനിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. കോളനി നിവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ നട്ടം തിരിയുകയാണ്. മൂന്നുവര്‍ഷം മുമ്പ് ഒരുകോടി വകയിരുത്തി തുടങ്ങിയ പദ്ധതി പാതിവഴിയിലായി. കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, ശൗചാലയങ്ങള്‍ നിര്‍മിക്കുക, നടപ്പാത നിര്‍മിക്കുക, വീടുകള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കുക, ബലക്ഷയം നേരിടുന്ന കെട്ടിടങ്ങള്‍ നവീകരിക്കുക, ഓട നിര്‍മിക്കുക, സോളാര്‍ ലൈറ്റുകളും മാലിന്യനിര്‍മാര്‍ജനത്തിന് മിനി ബയോഗ്യാസ് പ്ളാന്‍റും സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് ഒരുകോടി അനുവദിച്ചത്. 2014ല്‍ എസ്.സി കോളനി വികസന പദ്ധതിയില്‍പെടുത്തി എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഫ്.ഐ.ടിയാണ് കോളനിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക്ക് പഞ്ചായത്ത് അംഗം, എസ്.ഇ.ജി.ഒ, കമ്പനി പ്രതിനിധി, വാര്‍ഡ് അംഗം, കോളനിയിലെ രണ്ട് പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2016 ജൂണ്‍ 31ന് മുമ്പ് പദ്ധതി പൂര്‍ത്തിയാക്കണമെന്ന ജില്ല ഭരണകൂടത്തിന്‍െറ ഉത്തരവനുസരിച്ചാണ് പണി ആരംഭിച്ചത്. കോളനിയില്‍ ഓട-റോഡ്-നടപ്പാത എന്നിവയുടെ നിര്‍മാണം ആരംഭിച്ചു. ഒരു നടപ്പാത ഒഴികെ ഒന്നും പൂര്‍ത്തിയായില്ല. കോളനിയിലെ പ്രധാന റോഡിലെ കാല്‍നടപോലും ദുരിതമാംവിധം തകര്‍ന്ന് തരിപ്പണമായി. മഴയായാല്‍ നടവഴികള്‍ അപകടക്കെണിയാകും. കോളനിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കടുത്ത വേനലില്‍പോലും വറ്റാത്ത പള്ളിവക കുളം നവീകരിച്ച് കുടിവെള്ള പദ്ധതി രൂപവത്കരിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. കുളം പഞ്ചായത്തിന് കൈമാറാന്‍ പള്ളി അധികാരികള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. 600 മീറ്റര്‍ ഓട നിര്‍മിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. കോളനിയിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനും പാചകവാതകം നല്‍കാനും ലക്ഷ്യമിട്ടുള്ള ബയോഗ്യാസ് പ്ളാന്‍റും വിസ്മൃതിയിലായി. 38 സോളാര്‍ ലാമ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും യാഥാര്‍ഥ്യമായില്ല. കോളനിയില്‍ നിരവധി വീടുകള്‍ ശോച്യാവസ്ഥയിലാണ്. പട്ടണത്തോട് ചേര്‍ന്നുകിടക്കുന്ന കോളനിവാസികള്‍ക്ക് ശുചിത്വമുള്ള പ്രദേശം വാര്‍ത്തെടുക്കാന്‍ വേണ്ടത്ര ശൗചാലയങ്ങള്‍ നിര്‍മിക്കാനും നടപ്പാതകള്‍ നിര്‍മിക്കാനും കുടിനീരിന് ഉറവ വറ്റാത്ത ജലസമൃദ്ധിയെ നവീകരിക്കാനും അപകടകരമായ കെട്ടിടങ്ങള്‍ നവീകരിക്കാനും ഇനിയും വൈകിയാല്‍ ഒരു ഗ്രാമത്തോട് കാണിക്കുന്ന അവഗണനയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.